ADVERTISEMENT

കൊച്ചി ∙ രാജ്യത്തിന്റെ വിമാനവാഹിനി ഐഎൻഎസ് വിക്രമാദിത്യയുടെ റീഫിറ്റിനായി 1207.5 കോടി രൂപയുടെ കരാറൊപ്പിട്ടു കൊച്ചിൻ ഷിപ്‌യാർഡ്. ശനിയാഴ്ചയാണു പ്രതിരോധ മന്ത്രാലയവുമായി ഷോർട്ട് റീഫിറ്റ് ആൻഡ് ഡ്രൈ ഡോക്കിങ്(എസ്ആർഡിഡി) കരാർ ഒപ്പിട്ടത്. കപ്പലിന്റെ മൂന്നാമത്തെ റീഫിറ്റാണ് ഇത്.  ഇതിനായി ഒരാഴ്ച മുൻപു തന്നെ വിക്രമാദിത്യ കൊച്ചി തുറമുഖത്ത് എത്തിയിട്ടുണ്ട്. 

2018ലാണ് ഇതിനു മുൻപു വിക്രമാദിത്യയുടെ റീഫിറ്റ് കൊച്ചി കപ്പൽശാലയിൽ നടത്തിയത്. വാഹനങ്ങൾക്കു സർവീസ് എന്ന പോലെയാണു കപ്പലുകൾക്കു റീഫിറ്റ്. അഞ്ചു വർഷത്തിലൊരിക്കലാണ് ഇതു ചെയ്യുന്നത്. വിമാന വാഹിനികൾ ഡ്രൈ ഡോക്ക് ചെയ്തു റീഫിറ്റ് ചെയ്യാനുള്ള സൗകര്യം രാജ്യത്തു കൊച്ചി കപ്പൽശാലയിൽ മാത്രമേയുള്ളൂ.  

മെയ്ന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ (എംആർഒ) ഹബ് എന്ന രീതിയിൽ കൊച്ചിൻ ഷിപ്‌യാഡിനെ വികസിപ്പിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് വിക്രമാദിത്യയുടെ റീഫിറ്റ്. 50 സൂക്ഷ്മ–ചെറുകിട സംരംഭങ്ങൾക്കും 3500 തൊഴിലാളികൾക്കും ഇതിലൂടെ തൊഴിൽ ലഭിക്കും. 

 ഐഎൻഎസ് വിക്രമാദിത്യ

∙ 1987ൽ സോവിയറ്റ് നാവികസേനയിൽ കമ്മിഷൻ ചെയ്യപ്പെട്ട ‘ബാകു’ എന്നും ‘അഡ്മിറൽ ഗോർഷ്കോവ്’ എന്നും അറിയപ്പെട്ടിരുന്ന കീവ്‌ ക്ലാസ് വിമാന വാഹിനിയാണു 1996ൽ ഡി–കമ്മിഷൻ ചെയ്ത ശേഷം ഇന്ത്യ വാങ്ങി നവീകരിച്ചു ഐഎൻഎസ് വിക്രമാദിത്യയാക്കിയത്. 

2013ൽ കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. 284 മീറ്റർ നീളവും 60 മീറ്റർ ഉയരവും 45,400ടൺ കേവുഭാരവുമുള്ള വിമാനവാഹിനിക്ക് 22 ഡെക്കുണ്ട്. മണിക്കൂറിൽ 56 കിലോമീറ്റർ ആണു വേഗം. 26 മിഗ് 29 യുദ്ധവിമാനങ്ങൾ, 10 കമോവ് കെഎ–31, കമോവ് കെഎ–28 ഹെലികോപ്റ്ററുകൾ എന്നിവയെ വഹിക്കാനുള്ള ശേഷിയുണ്ട്.

English Summary:

INS Vikramaditya Undergoes Third Refit at Cochin Shipyard : Cochin Shipyard has been awarded a significant contract for the refit of India's aircraft carrier INS Vikramaditya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com