ഭിന്നശേഷിസംവരണം: വീഴ്ചയുള്ള സ്കൂളുകളിൽ നിയമന വിലക്ക്; കഴിഞ്ഞ 3 വർഷത്തെ സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ നിർദേശം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ 3 വർഷം നടത്തിയ അധ്യാപക, അനധ്യാപക സ്ഥിരനിയമനങ്ങൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. സ്ഥിരനിയമന ഉത്തരവുകൾ പിൻവലിച്ച് പകരം ഇവരെ ദിവസവേതനക്കാരായി നിയമിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ഭിന്നശേഷി സംവരണം നടപ്പാക്കാത്ത സ്കൂളുകൾക്കാണ് ഇതു ബാധകമെങ്കിലും സംസ്ഥാനത്തെ മുക്കാൽപങ്ക് എയ്ഡഡ് സ്കൂളുകളിലും ഭിന്നശേഷി നിയമനം പൂർത്തിയാക്കാത്തതിനാൽ സർക്കാർ തീരുമാനം ആയിരക്കണക്കിനു പേരുടെ ഭാവി അവതാളത്തിലാക്കും. സർക്കാർ ഉത്തരവിനെതിരെ മാനേജ്മെന്റുകളും അധ്യാപക സംഘടനകളും കടുത്ത പ്രതിഷേധത്തിലാണ്.
1996 മുതൽ 3 ശതമാനവും 2016 മുതൽ 4 ശതമാനവും ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. ഇൗ സംവരണം പൂർത്തിയാക്കിയ സ്കൂളുകളിലെ നിയമനങ്ങൾക്കു സർക്കാർ അംഗീകാരം നൽകുന്നുണ്ട്. സംവരണം നടപ്പാക്കാത്ത സ്കൂളുകളിൽ നിയമിക്കുന്നവർക്കു ദിവസവേതനക്കാരായുള്ള അംഗീകാരമാണു നൽകുന്നത്. ഇൗ സ്ഥാപനങ്ങൾ ഭിന്നശേഷി സംവരണം പൂർത്തിയാക്കുമ്പോൾ ദിവസവേതനക്കാർക്കു മുൻകാല പ്രാബല്യത്തോടെ സ്ഥിരനിയമന അംഗീകാരം നൽകുമെന്നാണു സർക്കാർ വ്യക്തമാക്കിയിരുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു പട്ടിക വാങ്ങിയാണു ഭിന്നശേഷിക്കാരെ നിയമിക്കേണ്ടത്. 3 തവണ പത്രത്തിൽ പരസ്യം നൽകിയിട്ടും യോഗ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ഇളവു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ശനിയാഴ്ച പുതിയ സർക്കുലർ വന്നത്. ഭിന്നശേഷി നിയമനം സംബന്ധിച്ച് ഇൗ വർഷം ഇറക്കിയ പത്തോളം ഉത്തരവുകൾ പരസ്പരവിരുദ്ധവും അവ്യക്തത നിറഞ്ഞതുമാണെന്നും പരാതിയുണ്ട്.
സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പില്ല
കഴിഞ്ഞ 3 വർഷത്തെ സ്ഥിരനിയമനങ്ങൾ താൽക്കാലിക നിയമനങ്ങളാക്കി മാറ്റിയാൽ സ്ഥിരനിയമനത്തിനുള്ള അവകാശം നഷ്ടപ്പെടാൻ സാധ്യത.മറ്റൊരാൾ വിരമിച്ചതോ സ്ഥലംമാറിയതോ രാജിവച്ചതോ ആയ ഒഴിവിൽ സ്ഥിരനിയമനം നടത്തുന്നു എന്ന ഉത്തരവാണു ഇപ്പോൾ മാനേജ്മെന്റുകൾ നൽകുന്നത്. ഇനി ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ ജീവനക്കാർക്കു സ്ഥിരനിയനമെന്ന അവകാശം കോടതിയിൽ പോലും ഉന്നയിക്കാൻ കഴിയില്ല. ഭാവിയിൽ സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനം സർക്കുലറിലുമില്ല. സംസ്ഥാനത്തെ 14,205 സ്കൂളുകളിൽ 5995 എണ്ണം സർക്കാർ സ്കൂളുകളും 8210 എണ്ണം എയ്ഡഡുമാണ്.