കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: അഭ്യൂഹങ്ങൾ തള്ളി പാർട്ടി; ഉത്സാഹമില്ലാതെ യുഡിഎഫ്
Mail This Article
തിരുവനന്തപുരം ∙ കേരള കോൺഗ്രസ് (എം) മുന്നണിയിലേക്കു തിരിച്ചെത്തിയേക്കുമെന്ന വാർത്ത പരന്നെങ്കിലും അത്യുത്സാഹം കാണിക്കാതെ യുഡിഎഫ് നേതൃത്വം. മുന്നണിക്കുള്ളിൽ അതു ചർച്ചയാക്കേണ്ടതില്ലെന്നാണു തീരുമാനം. ഒൗദ്യോഗികമോ അനൗദ്യോഗികമോ ആയ ചർച്ചകളൊന്നും കേരള കോൺഗ്രസുമായി നടക്കുന്നില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാധ്യത തള്ളാനാവില്ലെന്നു മാത്രമാണ് യുഡിഎഫ് വൃത്തങ്ങൾ നൽകുന്ന സൂചന. ഒരുകാരണവശാലും യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നുമാണ് കേരള കോൺഗ്രസ് (എം) നേതൃത്വത്തിന്റെ പരസ്യ നിലപാട്.
റബർ വില, കാരുണ്യ പദ്ധതി എന്നീ വിഷയങ്ങളിൽ സർക്കാരുമായി കേരള കോൺഗ്രസ് (എം) ഇടയുന്നതിന്റെ സൂചനകൾ യുഡിഎഫ് കാണുന്നുണ്ട്. പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകൾ സംബന്ധിച്ചു ധാരണയായാൽ യുഡിഎഫിലേക്കു തിരിച്ചുവരുമെന്നും റബർ വില സ്ഥിരതാഫണ്ടും കാരുണ്യ പദ്ധതിയും അട്ടിമറിക്കപ്പെട്ടതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ടെന്നുമാണു പ്രചാരണം.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു മുന്നണിയെ ബലപ്പെടുത്തണമെന്ന വികാരം യുഡിഎഫിലും ശക്തമാണ്. കേരള കോൺഗ്രസിനെ (എം) കൂടി ഒപ്പം നിർത്തിയാൽ മധ്യ കേരളത്തിൽ അടിത്തറ കൂടുതൽ വിപുലമാക്കാമെന്ന ചിന്ത യുഡിഎഫിൽ ചിലർക്കുണ്ട്. തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങിയാൽ അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കോൺഗ്രസ് നേതൃത്വത്തിനു പുറമേ മുസ്‌ലിം ലീഗിന്റെയും സജീവ ഇടപെടലുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ചർച്ചകൾ സജീവമാകുമെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ പരസ്പരം പോരടിച്ച ശേഷം പെട്ടെന്നുള്ള അനുരഞ്ജനം എളുപ്പമാകില്ലെന്ന് മുന്നണിയിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൈകോർക്കണമെങ്കിൽ അതിനുള്ള ചെറുനീക്കങ്ങളെങ്കിലും വൈകാതെ തുടങ്ങണമെന്നാണ് ഇവരുടെ പക്ഷം.
സ്വന്തം രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്കു നൽകിയാണ് കേരള കോൺഗ്രസിനെ (എം) സിപിഎം എൽഡിഎഫിൽ ഉറപ്പിച്ചുനിർത്തിയിരിക്കുന്നത്. അതിനെ തള്ളിപ്പറഞ്ഞുള്ള മുന്നണി മാറ്റം ജോസ് കെ.മാണിക്ക് എളുപ്പമാവില്ല. സിപിഐ സമ്മതിക്കില്ലെങ്കിലും മധ്യകേരളത്തിൽ എൽഡിഎഫിനു കരുത്തുപകരുന്നതിൽ കേരള കോൺഗ്രസ് എമ്മിനുള്ള പങ്കിനെ സിപിഎം അംഗീകരിക്കുന്നു. തങ്ങളുടെ കയ്യിലുള്ള രാജ്യസഭാ സീറ്റ് 2018ൽ ജോസ് കെ.മാണിക്കു നൽകിയ ചരിത്രം കോൺഗ്രസിന്റെയും മുന്നിലുണ്ട്. പാർട്ടിയുമായി ചേർന്നു നിൽക്കുന്ന സമുദായ നേതൃത്വത്തിന്റെ ഇടപെടലും മുന്നണി മാറ്റത്തിൽ നിർണായകമാണെന്നാണു യുഡിഎഫിന്റെ വിലയിരുത്തൽ.
കേരള കോൺഗ്രസ് (എം) മടങ്ങിവരവിനു ഭാവിയിൽ സാധ്യത തുറക്കാൻ 2 സാഹചര്യങ്ങളാണു യുഡിഎഫ് നേതൃത്വം കാണുന്നത്:
1) അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരമുയരുന്ന സ്ഥിതി. സ്വാധീന മേഖലകളിൽ പോലും തിരിച്ചടി നേരിട്ടേക്കാമെന്ന സാഹചര്യം കേരള കോൺഗ്രസിനു പരിഗണിക്കേണ്ടിവരാം.
2) തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ വന്നാൽ എൽഡിഎഫുമായുള്ള കേരള കോൺഗ്രസിന്റെ ബന്ധത്തിൽ വിള്ളൽ വീഴാം. എന്നാൽ ഇടതുമുന്നണിയിൽ പാർട്ടിക്കു പ്രത്യേക പരിഗണന സിപിഎം നൽകുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ, പുറത്താക്കിയ യുഡിഎഫിലേക്കു ചെല്ലേണ്ട ആവശ്യം ഇല്ലെന്നുമാണ് പാർട്ടിയുടെ പരസ്യനിലപാട്.
∙ പ്രചരിക്കുന്നത് യുഡിഎഫിനെ സഹായിക്കാൻ സൃഷ്ടിച്ച വ്യാജവാർത്തയാണ്. മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ (എം) അജൻഡയിൽ പോലുമില്ല. ഇടതുമുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകും. - ജോസ് കെ. മാണി എംപി, കേരള കോൺഗ്രസ് (എം) ചെയർമാൻ