പുതിയ വൈദ്യുത പദ്ധതി: സംഘടനകളുടെ അഭിപ്രായംതേടി
Mail This Article
തിരുവനന്തപുരം ∙ പുതിയ വൈദ്യുത പദ്ധതികൾക്കു പൊതു, സ്വകാര്യ നിക്ഷേപം സ്വീകരിക്കാൻ കെഎസ്ഇബി നീക്കം. ജീവനക്കാരുടെ സംഘടനകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് സിഎംഡി ബിജു പ്രഭാകർ. ഇത്തരം പദ്ധതികളിലൂടെ മാത്രമേ 2030ൽ ലക്ഷ്യമിടുന്ന 10,000 മെഗാവാട്ട് ഉൽപാദന ശേഷി കൈവരിക്കാനാകൂ എന്നു സംഘടനകളെ സിഎംഡി അറിയിച്ചു. ഏകദേശം 45,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കണമെങ്കിൽ മറ്റു വഴിയില്ലെന്നതിനാലാണ് സ്വകാര്യ പങ്കാളിത്തത്തിന് ഒരുങ്ങുന്നത്.
25 മെഗാവാട്ടിൽ താഴെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ ആരംഭിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, സ്റ്റാർട്ടപ് സംരംഭകർ, എച്ച്ടി/ഇഎച്ച്ടി ഉപയോക്താക്കളായ വ്യവസായികൾ എന്നിവരുടെ മൂലധന നിക്ഷേപം സ്വീകരിക്കും. 25 മെഗാവാട്ടിന് മുകളിലുള്ള ജലവൈദ്യുത പദ്ധതികൾക്കും സ്വകാര്യ പങ്കാളിത്തം തേടും.
4 വർഷം കൊണ്ട് 3000 മെഗാവാട്ട് സൗരവൈദ്യുതി സംഭരിക്കാൻ ശേഷിയുള്ള ബാറ്ററി സംവിധാനം (ബെസ്) സ്ഥാപിക്കാനും സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തേടുന്നുണ്ട്. തിരുവനന്തപുരം,ഇടുക്കി,പാലക്കാട് ജില്ലകളിലായി കാറ്റാടിപ്പാടങ്ങൾ നിർമിക്കാനും സ്വകാര്യ മേഖലയ്ക്ക് അവസരം നൽകും.
ജീവനക്കാരുടെ നിക്ഷേപവും ലക്ഷ്യം
കെഎസ്ഇബിക്കു കീഴിലുള്ള റിന്യൂവബിൾ പവർ കോർപറേഷൻ കേരള ലിമിറ്റഡിനെ (ആർപിസികെഎൽ) സംസ്ഥാന ഹരിതോർജ കമ്പനി എന്ന നിലയിൽ കെഎസ്ഇബി ജീവനക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ഉപഭോക്താക്കളിൽനിന്നും നിക്ഷേപമായും ബോണ്ടുകളായും പണം സ്വീകരിച്ച് പൊതുജന പങ്കാളിത്ത കമ്പനിയാക്കാനും ശുപാർശയുണ്ട്. മൂന്നാം വർഷം മുതൽ ലാഭവിഹിതം നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി കെഎസ്ഇബി സിഎംഡി ജീവനക്കാർക്കു നൽകിയ കുറിപ്പിലുണ്ട്.
വൈദ്യുതി നിരക്ക്: വിജ്ഞാപനം ഈയാഴ്ച
തിരുവനന്തപുരം ∙ വൈദ്യുതി നിരക്ക് പരിഷ്കരിച്ച് വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങിയേക്കും. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നാലിനു കെഎസ്ഇബി അധികൃതരുമായും അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.ശേഷമാകും വിജ്ഞാപനം പ്രസിദ്ധീകരിക്കുക.