മധു മുല്ലശേരിയെ സിപിഎം പുറത്താക്കി; ഇന്ന് ബിജെപിയിൽ ചേരും
Mail This Article
തിരുവനന്തപുരം∙ ബിജെപിയിൽ ചേരാൻ തീരുമാനിച്ച മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്തായെങ്കിലും ഏരിയ കമ്മിറ്റിയിൽ മധുവിനെയും ഉൾപ്പെടുത്തിയിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ ആരോപണങ്ങളുയർത്തി ഏരിയ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ മധു പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചതോടെയാണ് പുറത്താക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ബിജെപിയിൽ ചേരുമെന്ന് ഇന്നലെ രാവിലെ മധു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിപിഎമ്മിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കിയെന്നു ജില്ലാ സെക്രട്ടറി വി.ജോയിയും പ്രഖ്യാപിക്കുകയായിരുന്നു. മധുവിന് നേരത്തേതന്നെ ബിജെപി ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നു രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിൽ നിന്നു മധു പാർട്ടി അംഗത്വം സ്വീകരിക്കും. ജില്ലാതല ഭാരവാഹിത്വം ഉറപ്പു നൽകിയതായാണ് സൂചന. മധുവിന്റെ മകൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മിഥുൻ, മകൾ മാതു എന്നിവരും ബിജെപിയിൽ ചേരും.
സിപിഎം വിടുന്നതായി മധു പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപി ജില്ലാ ട്രഷറർ ബാലമുരളിയും ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി ജി.ശാർക്കരയും ബന്ധപ്പെട്ട് പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കോൺഗ്രസ് നേതാക്കളും ബന്ധപ്പെട്ടെങ്കിലും ബിജെപിയിലേക്കു ചേക്കാറാനായിരുന്നു മധുവിന്റെ തീരുമാനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടിയും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഇന്നലെ രാവിലെ മധുവിന്റെ വീട്ടിലെത്തി ചർച്ച നടത്തി. പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനും വീട്ടിലെത്തിയാണ് പാർട്ടിയിലേക്കു സ്വാഗതം ചെയ്തത്.