ADVERTISEMENT

തിരുവനന്തപുരം ∙ ഒഴിവുകൾ നികത്തി കെപിസിസിയും പ്രവർത്തനമികവ് മാനദണ്ഡമാക്കി ഡിസിസികളും പുനഃസംഘടിപ്പിക്കണോ, രണ്ടു ഘടകങ്ങളിലും അടിമുടി മാറ്റം വരുത്തണോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം. പുനഃസംഘടന 10 മിനിറ്റ് കൊണ്ടു പൂർത്തിയാക്കാവുന്ന കാര്യമാണെന്നും മൂന്നാഴ്ചയ്ക്കകമുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞെങ്കിലും, അത്രയും എളുപ്പമല്ലെന്നു പാർട്ടിക്കറിയാം.

  • Also Read

ഏത് അളവുകോൽ വച്ചാലും ഒഴിവാക്കപ്പെടുന്നവരുടെയും അവരെ പിന്തുണയ്ക്കുന്ന നേതാക്കളുടെയും എതിർപ്പുകളുണ്ടാകുമെന്നതാണു കാരണം. എന്നാൽ, ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുകയും തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് ഒരു വർഷത്തോളം ബാക്കി നിൽക്കുകയും ചെയ്യുന്ന ഈ സമയം അനുയോജ്യമെന്നാണു പാർട്ടി കരുതുന്നത്. 

കെപിസിസിയിൽ ട്രഷററുടെയും രണ്ടു ജനറൽ സെക്രട്ടറിമാരുടെയും ഒഴിവുണ്ട്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരിൽ പലരും അനാരോഗ്യം നേരിടുന്നതിനാൽ 10 ജനറൽ സെക്രട്ടറിമാരെയെങ്കിലും അധികമായി നിയമിക്കണമെന്ന ആവശ്യമുണ്ട്. ഇവർക്കു കീഴിൽ ജില്ലയിൽ കുറഞ്ഞതു രണ്ടു പേർ എന്ന കണക്കിൽ കെപിസിസി സെക്രട്ടറിമാരെ വയ്ക്കണമെന്നും ആവശ്യപ്പെടുന്നു. വർക്കിങ് പ്രസിഡന്റ് പദവിയിലേക്കു പി.ടി.തോമസിനു പകരമൊരാൾ വന്നിട്ടില്ലെന്നതും ചർച്ച ചെയ്യുന്നുണ്ട്.

കെപിസിസി ഭാരവാഹികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ എതിരഭിപ്രായമുള്ളവരുണ്ട്. രാഷ്ട്രീയകാര്യസമിതിയുടെ എണ്ണം വർധിപ്പിച്ചു ജംബോ കമ്മിറ്റിയാക്കിയശേഷം ഒരു യോഗം പോലും ചേർന്നില്ലെന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

English Summary:

KPCC Reorganization: Confusion persists in congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com