കുറിപ്പുകൾ വൈകുന്നതിൽ അതൃപ്തി; വകുപ്പ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ സർക്കുലർ
Mail This Article
തിരുവനന്തപുരം ∙ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് വകുപ്പ് സെക്രട്ടറിമാർക്ക് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. മന്ത്രിസഭാ യോഗത്തിന്റെ തലേന്ന് വൈകിട്ട് അഞ്ചിനു മുൻപു കുറിപ്പുകൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കിയില്ലെങ്കിൽ യോഗത്തിൽ അതു പരിഗണിക്കില്ലെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി. അഞ്ചിനു ശേഷം ലഭിക്കുന്ന കുറിപ്പുകൾ അടുത്ത മന്ത്രിസഭാ യോഗത്തിലേക്കു മാറ്റും. കുറിപ്പുകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
യോഗത്തിൽ പരിഗണിക്കേണ്ട കുറിപ്പുകൾ പല വകുപ്പുകളും തലേന്നു രാത്രി വളരെ വൈകി സമർപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. കുറിപ്പുകൾ വൈകുന്നതിനാൽ വിഷയം പഠിക്കാൻ സമയം ലഭിക്കുന്നില്ലെന്നു പല മന്ത്രിമാരും പരാതിപ്പെടുന്നതായി ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. രാത്രി വൈകിയെത്തുന്ന കുറിപ്പുകൾ പരിശോധിച്ചു പോരായ്മകൾ പരിഹരിക്കാൻ സമയം ലഭിക്കുന്നില്ല.
മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വയ്ക്കാൻ മുഖ്യമന്ത്രി നിർദേശിക്കുന്ന ഫയലുകളുമായി ബന്ധപ്പെട്ട കുറിപ്പുകൾ 3 ദിവസത്തിനകം തനിക്കും വകുപ്പു മന്ത്രിക്കും ലഭ്യമാക്കണം. മന്ത്രി അംഗീകരിക്കുന്ന ദിവസം തന്നെ കുറിപ്പുകളുടെ ഇംഗ്ലിഷ്,മലയാളം പകർപ്പുകൾ പൊതുഭരണ വകുപ്പിൽ ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.