‘ചെക്പോസ്റ്റ് താവളമാക്കേണ്ട...’: സ്ഥലംമാറ്റത്തിന് സമയപരിധി നിശ്ചയിച്ച് എക്സൈസ് വകുപ്പ്
Mail This Article
കോട്ടയം ∙ എക്സൈസ് ചെക്പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആറുമാസം കൂടുമ്പോൾ മാറ്റും. മേലുദ്യോഗസ്ഥരെ സ്വാധീനിച്ചും രാഷ്ട്രീയ ഇടപെടലുകൾ നടത്തിയും ചെക്പോസ്റ്റുകളിൽ കാലങ്ങളായി ജോലി നോക്കുന്ന രീതി ഇതോടെ അവസാനിക്കും. മറ്റു യൂണിറ്റുകളിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുള്ള കാലപരിധി രണ്ടുവർഷമാക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒരു സ്ഥലംമാറ്റത്തിനും സമയപരിധി നിശ്ചയിച്ചിരുന്നില്ല.
എക്സൈസ് റേഞ്ച് ഓഫിസ്, സർക്കിൾ ഓഫിസ്, എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ്, വിജിലൻസ് ഓഫിസ്, ജനമൈത്രി സ്പെഷൽ സ്ക്വാഡ്, നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തുടങ്ങിയ ഓഫിസുകളിൽ ജോലി ചെയ്യുന്നവരെ ഓരോ രണ്ടുവർഷം കൂടുമ്പോഴും സ്ഥലംമാറ്റണമെന്നാണു പുതിയ നിർദേശം.
ബവ്റിജസ് കോർപറേഷന്റെ സംഭരണശാലകൾ, ഡിസ്റ്റിലറികൾ, ബ്രൂവറികൾ, കന്റീൻ, ഹെഡ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇനി രണ്ടു രണ്ടുവർഷം കൂടുമ്പോൾ മാറ്റമുണ്ടാകും. എക്സൈസ് ഹെഡ് ക്വാർട്ടേഴ്സ്, അഡിഷനൽ എക്സൈസ് കമ്മിഷണർ എൻഫോഴ്സ്മെന്റ് ഓഫിസ്, എക്സൈസ് അക്കാദമി, ജോയിന്റ് എക്സൈസ് കമ്മിഷണർ ഓഫിസ്, ഡിവിഷൻ ഓഫിസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും സ്ഥലംമാറ്റത്തിനു രണ്ടുവർഷ പരിധി നിശ്ചയിച്ചു.
‘നേതാക്കൾക്ക് ’പ്രത്യേക പരിഗണന
ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ സമയപരിധി പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ മറ്റു ജില്ലകളിലേക്കു സ്ഥലംമാറ്റം ചോദിക്കുമ്പോൾ മുൻഗണന നൽകാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പിലെ സർവീസ് സംഘടനകളുടെ സംസ്ഥാന, ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്കു സ്ഥലംമാറ്റത്തിനു പ്രത്യേക പരിഗണന നൽകാനും നിർദേശമുണ്ട‌്.