എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധം: സിഎംആർഎൽ
Mail This Article
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം ചട്ടവിരുദ്ധമാണെന്നു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണത്തിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഇക്കാര്യം ആവർത്തിച്ചത്.
ആദായ നികുതി സെറ്റിൽമെന്റ് കമ്മിഷൻ തീർപ്പാക്കിയ കേസിൽ രണ്ടാമതൊരു അന്വേഷണം ചട്ടവിരുദ്ധമാണ്. സെറ്റിൽമെന്റ് കമ്മിഷൻ ചട്ടപ്രകാരം നടപടികൾ രഹസ്യസ്വഭാവത്തിലായിരിക്കണം. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിനു രഹസ്യരേഖകൾ എങ്ങനെ ലഭിച്ചുവെന്നും സിഎംആർഎൽ കോടതിയിൽ ചോദിച്ചു. പൊതുതാൽപര്യമുള്ള വിഷയമല്ല ഇതെന്നും സിഎംആർഎൽ അഭിഭാഷകൻ വ്യക്തമാക്കി. ഷോണിന്റെ പരാതിയിലാണു കമ്പനി റജിസ്ട്രാർ അന്വേഷണം നടത്തുന്നത്.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെയുള്ള സിഎംആർഎൽ ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും. എക്സാലോജിക് സൊല്യൂഷൻസ്, സിഎംആർഎൽ, കെഎസ്ഐഡിസി എന്നിവയ്ക്കെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിനു നൽകുമെന്നു കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.