ദേശീയപാത നിർമാണം; എസ്ജിഎസ്ടി ഒഴിവാക്കുന്നത് ചർച്ച ചെയ്യും: മന്ത്രി റിയാസ്
Mail This Article
ന്യൂഡൽഹി∙ ദേശീയപാത നിർമാണ സാമഗ്രികളുടെ എസ്ജിഎസ്ടി ഒഴിവാക്കാനുള്ള കേന്ദ്ര നിർദേശം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് മരാമത്തു വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർകോട്–തിരുവനന്തപുരം ദേശീയപാത വികസനം അടുത്ത വർഷം ഡിസംബറിൽ പൂർത്തിയാകുമെന്നും 7 പാതകൾ 4 വരിയാക്കി വികസിപ്പിക്കുന്നതിനുള്ള പുതുക്കിയ നിർദേശം കേന്ദ്രം അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. കേരളത്തിലെ ദേശീയപാത പദ്ധതികളെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ ചർച്ച നടത്തിയിരുന്നു. മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തു.
∙20 വർഷത്തേക്കുള്ള പദ്ധതികൾ കേന്ദ്രവുമായി ചർച്ച ചെയ്തു. കേന്ദ്രവും കേരളവും മുന്നോട്ടു വച്ച നിർദേശങ്ങൾ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.
∙ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കേന്ദ്രത്തിൽ കെട്ടിവയ്ക്കുന്നതിനു പകരം സിമന്റ്, കമ്പി എന്നിവയുടെ എസ്ജിഎസ്ടിയും മണൽ, ജെല്ലി എന്നിവയുടെ റോയൽറ്റിയും ഒഴിവാക്കാനുള്ള നിർദേശം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും.
∙ 7 മുതൽ 9 വരെ വർഷം മുൻപു സമർപ്പിച്ച, ദേശീയപാത വികസന പദ്ധതികളിൽ 7 എണ്ണം അലൈൻമെന്റ് മാറ്റിയും 4 വരിയാക്കിയും വികസിപ്പിക്കാനായി സമർപ്പിച്ച നിർദേശം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇവയുടെ പുതിയ ഡിപിആർ തയാറാക്കേണ്ടതുണ്ട്. കോഴിക്കോട് മലാപ്പറമ്പ് – പുതുപ്പാടി (35 കിലോമീറ്റർ) , പുതുപ്പാടി–മുത്തങ്ങ (77.60), കൊല്ലം – അഞ്ചുകല്ലുമൂട് (62.10), മുണ്ടക്കയം–കുമളി (55.15), ഭരണിക്കാവ് – മുണ്ടക്കയം (116.83), അടിമാലി–കുമളി (84), കോട്ടയം–പൊൻകുന്നം (30.03). ആകെ 460 കിലോമീറ്റർ.
∙പാലക്കാട്–മലപ്പുറം–കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ (എൻഎച്ച് 966) ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും.
∙മറ്റു 17 റോഡുകൾക്കും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇവയിൽ, തുറമുഖങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള റോഡുകൾക്കാണു മുൻതൂക്കം നൽകുക. പുനലൂർ ബൈപാസ് നിർദേശത്തോടും കേന്ദ്രം പോസിറ്റീവായാണു പ്രതികരിച്ചത്. തിരുവനന്തപുരം തലക്കോടു നിന്നു വിഴിഞ്ഞം തുറമുഖത്തേക്കുള്ള പാതയും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.
∙ രാമനാട്ടുകരയിൽ നിന്നു കോഴിക്കോട് വിമാനത്താവളത്തിലേക്ക് 9.5 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ പ്രാഥമിക അന്വേഷണം നടത്തി.
∙കണ്ണൂർ വിമാനത്താവളത്തിലേക്കു ദേശീയപാതയിൽ നിന്നു നേരിട്ടുള്ള റോഡുണ്ടാക്കാനുള്ള പദ്ധതിയും ചർച്ച ചെയ്തു.
∙ദേശീയപാതയിൽ തിക്കോടിയിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം കേന്ദ്രത്തെ അറിയിച്ചു. ഇത്തരം പരാതികളും ആവശ്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കും.
∙ദേശീയപാത 66ന്റെ നിർമാണം ഏറക്കുറെ അടുത്ത മേയിൽ പൂർത്തിയാകും.
ദേശീയപാത 66ന്റെ നിർമാണ പുരോഗതി വിവിധ ഭാഗങ്ങളിലായി ഇങ്ങനെ:
തലപ്പാടി–ചെങ്കള: 74.7%
ചെങ്കള – നീലേശ്വരം : 58.5%
നീലേശ്വരം – തളിപ്പറമ്പ് :50%
തളിപ്പറമ്പ് – മുഴപ്പിലങ്ങാട് : 58.8%
അഴിയൂർ–വെങ്ങളം : 45.7%
വെങ്ങളം – രാമനാട്ടുകര: 76%
രാമനാട്ടുകര – വളാഞ്ചേരി ബൈപാസ് : 80%
വളാഞ്ചേരി ബൈപാസ്– കാത്തിരിക്കാട്: 82%
കാത്തിരിക്കാട് – തളിക്കുളം: 49.7%
തളിക്കുളം–കൊടുങ്ങല്ലൂർ : 43%
പറവൂർ – കോട്ടുകുളങ്ങര : 44.4%
കൊല്ലം ബൈപാസ് –കടമ്പാട്ടുകോണം: 50%
കടമ്പാട്ടുകോണം – കഴക്കൂട്ടം : 36%
‘റെയിൽവേ അവഗണിക്കുന്നു’
ന്യൂഡൽഹി∙ റെയിൽവേ കേരളത്തോടു കടുത്ത അവഗണനയാണു പുലർത്തുന്നതെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിൽ സിൽവർ ലൈൻ അടക്കം അതിവേഗ ട്രെയിനുകളോടു താൽപര്യം വർധിച്ചു. ഇതര സംസ്ഥാനങ്ങളിലെ ട്രെയിൻ ബോഗികൾ മികച്ചവയാണ്. പക്ഷേ, കേരളത്തിലെ വന്ദേഭാരത് കെട്ടിവലിക്കേണ്ടി വന്നു.’ മുഹമ്മദ് റിയാസ് പറഞ്ഞു.