ക്ഷേമ പെൻഷൻ: 3000 കോടി തേടി സർക്കാർ; താൽപര്യം കാട്ടാതെ സഹകരണ സംഘങ്ങൾ
Mail This Article
പാലക്കാട് ∙ ക്ഷേമപെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ സഹകരണ സംഘങ്ങളിൽ നിന്നു 3000 കോടി രൂപ വായ്പ തേടുന്നു. എന്നാൽ പലിശ കുറവാണെന്ന കാരണം പറഞ്ഞു സംഘങ്ങൾ താൽപര്യം കാട്ടുന്നില്ല.
സാമൂഹിക സുരക്ഷാ പെൻഷൻ കൺസോർഷ്യം കമ്പനി മുഖേന പണം സ്വരൂപിക്കാൻ ഈ വർഷം രണ്ടു തവണ സർക്കാർ ശ്രമിച്ചെങ്കിലും സംഘങ്ങൾ കാര്യമായി സഹകരിച്ചിരുന്നില്ല. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപം കുറയുന്നതും കൺസോർഷ്യവുമായി സഹകരിക്കാതിരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു. 9.1% പലിശയ്ക്കാണു സഹകരണ സംഘങ്ങളിൽ നിന്നു കൺസോർഷ്യം വഴി പണം സ്വരൂപിക്കുക. 8.75% വരെ നിക്ഷേപത്തിന് ഇടപാടുകാർക്കു പലിശ നൽകേണ്ടി വരുമ്പോഴാണു സർക്കാരിന് 9.1% നിരക്കിൽ നൽകേണ്ടത്. ഇടപാടുകാർക്കു വായ്പ നൽകിയാൽ കൂടുതൽ തുക പലിശയായി ലഭിക്കും. പല സംഘങ്ങളും തങ്ങളുടെ ഫണ്ട് കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. കാലാവധി തികയും മുൻപു നിക്ഷേപം പിൻവലിക്കുമ്പോൾ നഷ്ടം വരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കൺസോർഷ്യം കമ്പനിയിൽ നിക്ഷേപിക്കുന്ന സംഘങ്ങൾക്കു കൃത്യമായ പലിശ നൽകിവരുന്നതായി കമ്പനി അധികൃതർ പറയുന്നു. നിക്ഷേപം തിരികെ ആവശ്യപ്പെടുന്നവർക്കും തുക നൽകുന്നു. 5500 കോടിയിലേറെ രൂപ ക്ഷേമപെൻഷൻ വിതരണത്തിനായി സംഘങ്ങളിൽ നിന്നു സ്വരൂപിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക സംഘങ്ങൾ, എംപ്ലോയീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയാണു പണം നിക്ഷേപിക്കുന്നത്.