ADVERTISEMENT

വടകര∙ വയോധികയുടെ മരണത്തിന് ഇടയാക്കുകയും 9 വയസ്സുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടമുണ്ടാക്കിയ കാർ പൊലീസ് 10 മാസത്തെ വിദഗ്ധ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തി. കാർ നന്നാക്കി, ഇൻഷുറൻസ് തുക നേടിയ ശേഷം ദുബായിലേക്കു പോയ ഉടമ, പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയതായി റൂറൽ പൊലീസ് മേധാവി പി.നിധിൻ രാജ് അറിയിച്ചു. 

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയിൽ ചോറോട് മേൽപാലത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫിസിന് സമീപം പുത്തലത്ത് ബേബി (68) മരിച്ചത്. ഗുരുതര പരുക്കേറ്റ പേരക്കുട്ടി തൃഷാനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്.

കണ്ണൂർ മേലേ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ്. ഷെജീലും കുടുംബവും സഞ്ചരിച്ച കാർ ഇരുവരെയും ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. പിന്നീടു കാറിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കാർ കണ്ടെത്തി ഇൻഷുറൻസ് തുക ലഭ്യമാക്കി തൃഷാനയ്ക്കു വിദഗ്ധ ചികിത്സ സാധ്യമാക്കണമെന്നു പല ഘട്ടങ്ങളിലായി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ജില്ലാ ജഡ്ജിയും നിർദേശിച്ചിരുന്നു. 

ബോക്സ് 10 മാസത്തെ അന്വേഷണം

∙ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 

∙ സാക്ഷികളും സിസിടിവി ദൃശ്യങ്ങളും ഇല്ല. 

∙ 40 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറോളം സ്പെയർ പാർട്സ് കടകളും വർക്‌ഷോപ്പുകളും 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പരിശോധിച്ചു. 

∙ അപകടം നടന്ന ചോറോട്, കൈനാട്ടി പ്രദേശത്തെ എല്ലാ വെള്ള കാറുകളുടെയും വിവരങ്ങൾ ശേഖരിച്ചു, ഓരോ വീട്ടിലും പൊലീസ് എത്തി. അതിനിടെ 3 കാറുകൾ സംശയത്തിനിടയാക്കി. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെത്തുടർന്നാണ് കെഎൽ 18 സീരിസിലെ നമ്പറുകൾ പരിശോധിച്ചത്.

∙ ഷെജീലിന്റെ ബന്ധുവീട് ചോറോടിനു സമീപം മീത്തലങ്ങാടിയിൽ ഉള്ളതായും അപകടം നടന്ന ദിവസം രാത്രി ഒൻപതരയോടെ കാർ വീട്ടിൽ ഉണ്ടായിരുന്നതായും കണ്ടെത്തി.

∙ കാർ മതിലിൽ ഇടിച്ചതിനു ഫോട്ടോ തെളിവായി നൽകി 36,000 രൂപ ഇൻഷുറൻസ് ക്ലെയിം വാങ്ങിയതായും മുൻവശത്തെ ഗ്ലാസ്, ബംപർ എന്നിവ മാറ്റിയതായും കണ്ടെത്തി. 

English Summary:

Vadakara accident: Vadakara Police Crack Hit-and-Run Case after 10 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com