സിൽവർലൈനിൽ ബ്രോഡ്ഗേജ്: ചർച്ച നടത്തി; പദ്ധതിയിൽ കെആർഡിസിഎലും റെയിൽവേയും രണ്ട് ട്രാക്കിൽ
Mail This Article
തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയിൽ ബ്രോഡ്ഗേജ് വേണമെന്ന റെയിൽവേ നിബന്ധനയിൽ ഇളവു തേടാൻ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തെ സമീപിക്കും. പദ്ധതി സംബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ അഭിപ്രായം കോർപറേഷൻ വൈകാതെ തേടും.
റെയിൽവേയുമായി ഇന്നലെ നടന്ന ചർച്ചയിലും ഇരുകൂട്ടരും തങ്ങളുടെ നിലപാടുകൾ ആവർത്തിച്ചെങ്കിലും സ്റ്റാൻഡേഡ് ഗേജിൽ തന്നെ സിൽവർലൈൻ എന്ന ആവശ്യത്തിൽ കെആർഡിസിഎൽ ഉറച്ചുനിന്നു. ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയയും കെആർഡിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ജയകുമാറുമാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയും കെആർഡിസിഎല്ലും രണ്ടു തട്ടിലാണെന്നാണു ചർച്ചകൾ വ്യക്തമാക്കുന്നത്.
റെയിൽവേ നിബന്ധനകൾ
∙ പാത ബ്രോഡ്ഗേജ് ആകണം,വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഓടിക്കണം
∙ പാത നിലവിലുള്ള പാതയുമായി 50 കിലോമീറ്റർ ഇടവിട്ട് ബന്ധിപ്പിക്കണം.
∙ തിരൂർ മുതൽ കാസർകോട് വരെ ഏതെങ്കിലും ഒരു വശത്തു കൂടിയാകണം സിൽവർ ലൈൻ പാത
കെആർഡിസിഎൽ വാദങ്ങൾ
∙ പാത സ്റ്റാൻഡേഡ് ഗേജിലാകണം, ഗുഡ്സ് ട്രെയിനുകളോടിക്കുന്നതു പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം തകർക്കും.
∙ 200 കിലോമീറ്റർ വേഗത്തിലാണു ട്രെയിനോടിക്കേണ്ടത്.
∙ റെയിൽവേ ചെയ്യേണ്ട 3,4 പാതകൾ സംസ്ഥാനത്തിന്റെ പങ്കാളിത്തതോടെ സിൽവർലൈൻ എന്ന പേരിൽ നടപ്പാക്കാൻ റെയിൽവേ ശ്രമിക്കുന്നു.