ജോസഫ് മാർ ഗ്രിഗോറിയോസ്: അര നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി അമരത്തേക്ക്
Mail This Article
കൊച്ചി ∙ സഭാ ശുശ്രൂഷയിൽ അര നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണു ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അമരക്കാരനാവുന്നത്. സഭയുടെ ഏതു പ്രതിസന്ധി ഘട്ടത്തിലും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ നിഴലായി അദ്ദേഹം എല്ലായിടത്തും ഉണ്ടായിരുന്നു. തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വാർധക്യ കാലത്ത് അദ്ദേഹം ഏറെ വിശ്വാസത്തോടെ ചുമതലകൾ കൈമാറിയതും ജോസഫ് മാർ ഗ്രിഗോറിയോസിനാണ്.
13 –ാം വയസ്സിൽ ശെമ്മാശ പട്ടം സ്വീകരിച്ചതു മുതൽ അദ്ദേഹം സഭാ ശുശ്രൂഷയിലുണ്ട്. ഇടവകപ്പള്ളിയായ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിലും വീടിനടുത്തുള്ള പെരുമ്പിള്ളി പള്ളിയിലും ആരാധനകളിൽ പങ്കെടുത്തിരുന്നു. നീളൻ കുപ്പായവുമിട്ടു വൈദിക വിദ്യാർഥിയായി നടക്കുന്ന കാലത്തു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ ആദ്യമായി കണ്ട കാര്യം അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നു 2019 ലാണു ജോസഫ് മാർ ഗ്രിഗോറിയോസിനെ യാക്കോബായ സുറിയാനി ക്രിസ്ത്യൻ അസോസിയേഷൻ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി തിരഞ്ഞെടുത്തത്. 2023 ൽ ചേർന്ന അസോസിയേഷൻ വീണ്ടും തിരഞ്ഞെടുത്തു. ശ്രേഷ്ഠ കാതോലിക്കായുടെ അനാരോഗ്യത്തെത്തുടർന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവാ അദ്ദേഹത്തെ കാതോലിക്കോസ് അസിസ്റ്റന്റ് ആയി നിയമിച്ചു.
അജപാലന ദൗത്യത്തോടൊപ്പം സാമൂഹികക്ഷേമ പദ്ധതികളിലും അദ്ദേഹം വ്യാപൃതനാണ്. താബോർ ഹൈറ്റ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മെട്രോപ്പൊലിറ്റൻ പുവർ റിലീഫ് ഫണ്ടിന്റെയും നേതൃത്വത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികൾ നടത്തിയിട്ടുണ്ട്. 1995 ൽ ഹൗസിങ് ബോർഡുമായി സഹകരിച്ചു മുളന്തുരുത്തി വെട്ടിക്കൽ പട്ടികജാതി കോളനിയിൽ എല്ലാവർക്കും വീടുവച്ചു നൽകി. സുരക്ഷിത ഭവന പദ്ധതിയിൽ മുളന്തുരുത്തി, കാരിക്കോട് എന്നിവിടങ്ങളിൽ ഫ്ലാറ്റ് മാതൃകയിൽ പാർപ്പിടങ്ങൾ നിർമിച്ചതുൾപ്പെടെ 73 വീടുകൾ നിർമിച്ചു നൽകി.
ഭദ്രാസനാടിസ്ഥാനത്തിൽ സൗജന്യ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്കു നഴ്സിങ് പഠനത്തിനു സ്കോളർഷിപ്, മുളന്തുരുത്തി സർക്കാർ ആശുപത്രിയിൽ എല്ലാ ദിവസവും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത്താഴം, 20 മെത്രാഭിഷേക വാർഷികത്തിനു നിർധനരായ 20 യുവതികളുടെ വിവാഹം, നടത്തി.
25 –ാം വാർഷികത്തിനും 20 യുവതികളുടെ വിവാഹം നടത്തി. മുളന്തുരുത്തി സർക്കാർ ആശുപത്രിയോടു ചേർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ, ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിന് എരൂർ ജെയ്നി സെന്റർ എന്നിവയും പ്രവർത്തിക്കുന്നു.
പെരുമ്പിള്ളി പ്രൈമറി സ്കൂളിലും മുളന്തുരുത്തി ഹൈസ്കൂളിലുമായിട്ടായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മഹാരാജാസ് കോളജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അയർലൻഡിലെ സെന്റ് പാട്രിക് കോളജിൽ നിന്നു വേദശാസ്ത്രത്തിൽ ബിരുദവും ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംഫിലും അമേരിക്കയിൽ നിന്നു ക്ലിനിക്കൽ പാസ്റ്ററൽ ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമയും നേടി. 1974 മാർച്ച് 25 നു 13 –ാം വയസ്സിൽ കോറൂയോ പട്ടം ലഭിച്ചു. 1984 മാർച്ച് 25 നു കശീശയായി.
ബെംഗളൂരു സെന്റ് മേരീസ് പള്ളി, ലണ്ടനിൽ സെന്റ് തോമസ് സിറിയൻ ചർച്ച് എന്നിവിടങ്ങളിൽ വികാരിയായി. 1994 ജനുവരി 14നു റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി. രണ്ടു ദിവസത്തിനു ശേഷം 33–ാം വയസ്സിൽ കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയായി വാഴിച്ചു.
30 വർഷമായി കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്തയും 18 വർഷം എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. യുകെ, ഗൾഫ്– യൂറോപ്യൻ ഭദ്രാസനങ്ങളുടെയും കൊല്ലം, തുമ്പമൺ, നിരണം, തൃശൂർ, മലബാർ ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിലെ വിവിധ മേഖലകളുടെയും ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ നിരണം, അങ്കമാലി മേഖലാ ഭദ്രാസനങ്ങളുടെ അധികച്ചുമതലയും വഹിക്കുന്നു. മലങ്കര സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റാണ്.
പാത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജ് പ്രസിഡന്റ്, മരട് ഗ്രിഗോറിയൻ സ്കൂൾ മാനേജിങ് ഡയറക്ടർ , തിരുവാങ്കുളം ജോർജിയൻ അക്കാദമി സ്കൂൾ മാനേജർ, എരൂർ ജെയ്നി സെന്റർ ഫോർ സ്പെഷൽ സ്കൂൾ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു.