ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ സിറോ മലബാർ സഭയ്ക്കു ലഭിച്ച പുതിയ ‘രാജകുമാരനെ’ അത്യന്തം സ്നേഹവായ്പോടെയാണു സഭ സ്വീകരിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാനയ്ക്കു ശേഷം ഉച്ചകഴിഞ്ഞാണു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ കർദിനാൾ കൂവക്കാടിനു സ്വീകരണമൊരുക്കിയത്. ഇതിനു മുന്നോടിയായി സാന്റാ അനസ്താസിയ ബസിലിക്കയിൽ സിറോ മലബാർ ക്രമത്തിലുള്ള കുർബാന നടന്നു.

ഇന്ത്യയിൽനിന്നെത്തിയ സംഘവും വത്തിക്കാനിലുള്ള സിറോ മലബാർ സഭാംഗങ്ങളും വൈദികരും വിദ്യാർഥികളും സമീപരാജ്യങ്ങളിൽനിന്ന് എത്തിയവരും ഉൾപ്പെടെ എണ്ണൂറോളം പേർ മാർ കൂവക്കാടിനോടു നാടിന്റെ സ്നേഹമറിയിക്കാൻ ഒത്തുചേർന്നു. കർദിനാളായി അഭിഷിക്തനായശേഷം ശനിയാഴ്ച രാത്രി മാർ കൂവക്കാട് മലയാളികൾ താമസിക്കുന്ന ഗെസ്റ്റ് ഹോമിൽ എത്തിയിരുന്നു. പിതാവ് ജേക്കബ് വർഗീസ്, അമ്മ ത്രേസ്യാമ്മ എന്നിവരുൾപ്പെടെയുള്ള ബന്ധുക്കളും ചങ്ങനാശേരി അതിരൂപതാ നേതൃത്വവും വൈദികരും മറ്റും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. കേക്ക് മുറിച്ച് അദ്ദേഹം സ്നേഹം പങ്കിട്ടു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘവും ആശംസകളുമായെത്തി.

ചങ്ങനാശേരി അതിരൂപതയുടെ സ്വീകരണം ഇന്ന്

കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാടിനു മാതൃരൂപതയായ ചങ്ങനാശേരി അതിരൂപത ഇന്നു വത്തിക്കാനിൽ സ്വീകരണം നൽകും. ആർച്ച് ബിഷപ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ അതിരൂപതയിലെ ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടങ്ങുന്ന കൂട്ടായ്മയാണു സ്വീകരണം നൽകുന്നത്. സിസ്റ്റേഴ്സ് ഓഫ് പ്രസന്റേഷൻ കോൺവന്റിലാണു സ്വീകരണം.

English Summary:

Reception of Cardinal Mor George Jacob Koovakad: Syro-Malabar Church celebrated Cardinal Mor George Jacob Koovakad's elevation with heartfelt receptions in Vatican City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com