വിഴിഞ്ഞം വിജിഎഫ് തിരിച്ചടവ്; കേന്ദ്രം കേരളത്തോട് പകപോക്കുന്നു: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വിജിഎഫ് തിരിച്ചടവ് വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് കേരളത്തോടുള്ള പകപോക്കൽ സമീപനത്തിന്റെ തുടർച്ചയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിബന്ധന അംഗീകരിച്ചാൽ തുച്ഛമായ തുക മുടക്കുന്ന കേന്ദ്രത്തിനു വലിയ ലാഭവിഹിതം സംസ്ഥാനം നൽകേണ്ടിവരും. ഇല്ലെങ്കിൽ വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) വേണ്ടെന്നു വച്ച് 817 കോടി രൂപ കേരളം സ്വന്തം നിലയ്ക്കു കണ്ടെത്തേണ്ട അവസ്ഥയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ കേന്ദ്ര സർക്കാർ വിജിഎഫിന്റെ കാര്യത്തിൽ സ്വീകരിച്ചുപോന്ന നയത്തിൽ നിന്നുള്ള വ്യതിയാനമാണു വിഴിഞ്ഞത്തിന്റെ കാര്യത്തിലുണ്ടായത്. ഒറ്റത്തവണ ഗ്രാന്റ് എന്ന നിലയ്ക്കാണു വിജിഎഫ് വിഭാവനം ചെയ്തത്. തൂത്തുക്കുടി ഉൾപ്പെടെയുള്ള തുറമുഖങ്ങൾക്കു ഗ്രാന്റായാണു നൽകുന്നത്. എന്നാൽ വിഴിഞ്ഞത്തിനു നൽകുന്ന വിജിഎഫ്, സംസ്ഥാന സർക്കാരിനു വരുമാന വിഹിതം ലഭിച്ചുതുടങ്ങുമ്പോൾ നെറ്റ് പ്രസന്റ് വാല്യു കണക്കാക്കി 20 % വീതം സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കണമെന്നാണു വ്യവസ്ഥ വച്ചിരിക്കുന്നത്. പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തുനിന്നുള്ള വരുമാനവും പരിഗണിച്ച് ഏതാണ്ട് 10000–12000 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടയ്ക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണു വിചിത്രമായ നിബന്ധന. രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമ്പോഴാണ് സംസ്ഥാനത്തിനുമേൽ കേന്ദ്രം അമിതഭാരം അടിച്ചേൽപിക്കുന്നത്. മിതമായ കണക്കുകൂട്ടലിൽ പോലും വിഴിഞ്ഞം പദ്ധതി വഴി കേന്ദ്രസർക്കാരിനു വർഷം 6000 കോടി രൂപയുടെ അധികവരുമാനം ലഭിക്കും. എന്നിട്ടും സംസ്ഥാന സർക്കാരിനുമേൽ അധിക ബാധ്യത ചുമത്താൻ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി ആരോപിച്ചു.