ധനകാര്യ കമ്മിഷനുമായി മന്ത്രിസഭ കൂടിക്കാഴ്ച; പ്രത്യേക ഗ്രാന്റ് ആവശ്യപ്പെടും
Mail This Article
തിരുവനന്തപുരം ∙ കേരളത്തിന്റേതായ പ്രത്യേകതകൾ കണക്കിലെടുത്ത് കേന്ദ്രം പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും. ഇന്നു 16–ാം ധനകാര്യ കമ്മിഷനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇൗ ആവശ്യമുന്നയിക്കുക. കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം റവന്യു കമ്മി നികത്തൽ ഗ്രാന്റായി ഏറ്റവും കൂടുതൽ തുക കിട്ടിയ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. 53,137 കോടി രൂപയാണ് അനുവദിച്ചത്. സമാനമോ അതിൽ കൂടുതലോ ഗ്രാന്റായി അനുവദിക്കണമെന്നു കേരളം ആവശ്യപ്പെടും.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി വർധിപ്പിക്കുക, ഇതിൽ കേരളത്തിന്റെ വിഹിതം കൂട്ടുക, 2011 ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതം നിശ്ചയിക്കുന്നത് ഒഴിവാക്കുക, വയോധികരുടെ എണ്ണക്കൂടുതൽ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രത്യേകതകൾ കണക്കിലെടുത്ത് അധിക സഹായം ഉറപ്പാക്കുക, കേന്ദ്രം പിരിക്കുന്ന സെസും സർചാർജും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും.
ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ കേരളത്തിനുണ്ടാക്കുന്ന അധിക ഭാരവും ചൂണ്ടിക്കാട്ടും. 2026 ഏപ്രിൽ 1 മുതൽ 5 വർഷക്കാലം കേന്ദ്രത്തിൽ നിന്നു സംസ്ഥാനങ്ങൾക്കുള്ള വിവിധ വിഹിതങ്ങളും അവ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും തീരുമാനിക്കുകയാണ് ധനകാര്യ കമ്മിഷന്റെ പ്രധാന ചുമതല.
ഇന്നലെ വൈകിട്ട് കോവളം ലീലാ ഹോട്ടലിൽ എത്തിയ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയയ്ക്കും അംഗങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ അത്താഴവിരുന്നു നൽകി. ഇന്നു രാവിലെ 9.30ന് മുഖ്യമന്ത്രിയും മന്ത്രി കെ.എൻ.ബാലഗോപാലും മറ്റു മന്ത്രിമാരുമായി കമ്മിഷൻ ചർച്ച നടത്തും. സംസ്ഥാന സർക്കാരിന്റെ നിവേദനം കമ്മിഷനും കൈമാറും. തുടർന്ന് തദ്ദേശ സ്ഥാപന പ്രതിനിധികളുമായും വ്യവസായ പ്രതിനിധികളുമായും സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.കെ.എൻ.ഹരിലാലുമായും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 1.45ന് രാഷ്ടീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തും. 2.45 വാർത്താസമ്മേളനം.