സ്മാർട് സിറ്റി: തിരിച്ചുവേണം 100 ഏക്കർ; നൽകിയ ഭൂമി വീണ്ടെടുക്കാൻ കെഎസ്ഇബി
Mail This Article
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിക്കായി സംസ്ഥാന സർക്കാർ പാട്ടത്തിനു നൽകിയ 246 ഏക്കറിൽ 100 ഏക്കർ തിരിച്ചുപിടിക്കാൻ വൈദ്യുതി വകുപ്പും കെഎസ്ഇബിയും നടപടി തുടങ്ങി. ഇതോടെ ടീകോമിനെ ഒഴിവാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കാനുളള സർക്കാരിന്റെ ശ്രമം അതീവ സങ്കീർണമായി. ടീകോമിനെ ഒഴിവാക്കിയശേഷം 246 ഏക്കറും പ്രയോജനപ്പെടുത്തുമെന്നു വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കെയാണ് അതിൽ പകുതിയോളം സ്ഥലം തിരിച്ചുചോദിക്കാൻ വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. കെഎസ്ഇബിയുടെ നീക്കത്തെ സിപിഎമ്മിലെ ഒരുവിഭാഗം പിന്തുണയ്ക്കുന്നു.
ബ്രഹ്മപുരം പദ്ധതിയുടെ വികസനത്തിനായി കെഎസ്ഇബി നീക്കിവച്ച 206 ഏക്കറിൽ 100 ഏക്കർ 2007ൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മുൻകയ്യെടുത്ത് സൗജന്യമായി സ്മാർട് സിറ്റിക്കു കൈമാറുകയായിരുന്നു. കെഎസ്ഇബി പണം നൽകി വാങ്ങിയ ഭൂമിയായതിനാൽ വിപണിവില ഈടാക്കണമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ.ബാലൻ ഫയലിൽ എഴുതിയിരുന്നു. സെന്റിന് 55,000 രൂപ വച്ച് 55 കോടി ബോർഡ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് സൗജന്യമായി വിട്ടുകൊടുക്കാൻ വി.എസ് തീരുമാനമെടുത്തു.
സ്ഥലം റജിസ്റ്റർ ചെയ്ത് കൈമാറിയിട്ടില്ലാത്തതിനാൽ ഇപ്പോഴും ഉടമസ്ഥാവകാശമുണ്ടെന്നും തിരിച്ചെടുക്കാനാകുമെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ സർക്കാരിനു കത്തു നൽകുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. വികസനപദ്ധതികൾക്കു തടയിട്ട് 17 വർഷത്തിലധികം ഭൂമി കൈവശം വച്ച ടീകോമിൽനിന്നു നഷ്ടപരിഹാരം വാങ്ങണമെന്ന വിലയിരുത്തലും ബോർഡ് അധികൃതർക്കുണ്ട്.
എതിർത്തവർ വെറുതേ നൽകി
ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച ധാരണാപത്രത്തിൽ കെഎസ്ഇബിയുടെ ഭൂമി കൈമാറാനുള്ള വ്യവസ്ഥയ്ക്കെതിരെ അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ് രംഗത്തുവന്നിരുന്നു. 350 കോടി മതിപ്പുവിലയുള്ള ഭൂമി സർക്കാരിന്റെ ഒത്താശയോടെ തട്ടിയെടുക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. വി.എസ് സർക്കാരിന്റെ കാലത്താകട്ടെ ഈ ഭൂമിയും കിൻഫ്രയുടെ കൈവശമുള്ള 10 ഏക്കറും കൂടി നൽകി.