ഭിന്നശേഷി വിദ്യാർഥിക്ക് എസ്എഫ്ഐ മർദനം: ഒടുവിൽ അന്വേഷണം
Mail This Article
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫിസിൽ ബന്ദിയാക്കി വച്ച് ക്രൂരമായി ആക്രമിച്ച സംഭവം കോളജ് വിദ്യാഭ്യാസ ഡയറക്ടർ പി.സുധീർ അന്വേഷിക്കും. മന്ത്രി ആർ.ബിന്ദു ഇതു സംബന്ധിച്ചു നിർദേശം നൽകി. ആക്രമണം നടന്ന് ഏഴാം ദിവസമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്താൻ തയാറായത്. മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയും പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതിനൊടുവിലാണ് തീരുമാനം.
അതേസമയം, എസ്എഫ്ഐ നേതാക്കളായ 4 പ്രതികൾക്കായി പൊലീസ് നടത്തുന്ന അന്വേഷണം നിലച്ചമട്ടാണ്. കേസ് റജിസ്റ്റർ ചെയ്ത് 7 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കന്റോൺമെന്റ് പൊലീസിന് കഴിഞ്ഞില്ല. കീഴടങ്ങണമെന്ന് പ്രതികളുടെ വീടുകളിലെത്തി പൊലീസ് ആവശ്യപ്പെട്ടതല്ലാതെ, കാര്യമായ അന്വേഷണം ഉണ്ടായിട്ടില്ലെന്നാണു പരാതി. പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ പ്രതിയായ കേസിൽ തുടക്കം മുതൽ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപമുണ്ട്.
പരാതിക്കാരന്റെ മൊഴിയെടുത്തു മൂന്നു ദിവസം കഴിഞ്ഞിട്ടും കോളജ് അച്ചടക്കസമിതി പ്രിൻസിപ്പലിനു റിപ്പോർട്ട് കൈമാറിയില്ല. ഇന്നലെ നൽകുമെന്നാണ് അച്ചടക്കസമിതി ചെയർമാൻ പ്രിൻസിപ്പലിനെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികളുടെ വിശദീകരണം ലഭിക്കാത്തതിനാൽ സമിതി ചെയർമാൻ ഒരു ദിവസം കൂടി സാവകാശം ചോദിച്ചിരിക്കുകയാണ്. ഇന്ന് റിപ്പോർട്ട് ലഭിക്കുമെന്നു കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
രണ്ടിന് വൈകിട്ട് 5ന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനെയാണ് (19) ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ടുതല്ലി. അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചും ആക്രമിക്കുകയായിരുന്നു.