‘ധൈര്യമുണ്ടെങ്കിൽ യൂണിഫോമും തൊപ്പിയും മാറ്റി തെരുവിലിറങ്ങ്’: ഡിവൈഎസ്പിയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
Mail This Article
കാഞ്ഞങ്ങാട് ∙ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമത്തെത്തുടർന്ന് തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളെ തല്ലിച്ചതച്ച സംഭവത്തിൽ ഡിവൈഎസ്പിയെ ഡിവൈഎഫ്ഐ വെല്ലുവിളിച്ചു. ഇന്നലെ നടത്തിയ പ്രകടനത്തിൽ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ആണ് വിവാദപ്രസംഗം നടത്തിയത്. ‘ന്യായമായ വിദ്യാർഥി സമരത്തെ ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ ഭീകരമായി വേട്ടയാടി. ആശുപത്രി ഗേറ്റിന് അപ്പുറംനിന്ന് ഇനിയും തല്ലുമെന്ന് ഡിവൈഎസ്പി പറയുകയാണ്. നിനക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ഒളിച്ചിരിക്കാതെ വാടാ പുറത്തേക്ക്. ഇവിടത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പണം പറ്റി, സമരത്തെ വഴി തിരിച്ചുവിടാനാണ് ഡിവൈഎസ്പി ശ്രമിക്കുന്നത്. തല്ലും ഇല്ലാതാക്കും എന്ന് വെല്ലുവിളിക്കുന്ന ഡിവൈഎസ്പിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട്ടെ തെരുവിലിറങ്ങ്. ഇന്നലെ അടിയേറ്റ എസ്എഫ്ഐ പ്രവർത്തകരിൽ ഒരാൾ മതി നിന്നെ നേരിടാൻ. അതിന് മാത്രം വലിയ ഇരയല്ല നീയെന്ന് തിരിച്ചറിയണം’– രജീഷ് പറഞ്ഞു.
മൻസൂർ നഴ്സിങ് കോളജിലെ ആത്മഹത്യാശ്രമത്തിൽ തിങ്കളാഴ്ച എസ്എഫ്ഐ, യൂത്ത് കോൺഗ്രസ്, എബിവിപി, കെഎസ്‌യു എന്നീ സംഘടനകൾ പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു. എല്ലാ പ്രകടനങ്ങൾക്കു നേരെയും ശക്തമായ ലാത്തിച്ചാർജാണ് ഉണ്ടായത്.