‘സുരസ, രസമുള്ള ഇഞ്ചി’; പുതിയ ഇഞ്ചിയിനം വികസിപ്പിച്ച് സുഗന്ധവിള ഗവേഷണകേന്ദ്രം
Mail This Article
കോഴിക്കോട്∙ പാചകത്തിന് ഉപയോഗിക്കാവുന്ന പുതിയ ഇഞ്ചി ഇനം വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. ഹെക്ടറിൽ 24.33 ടൺ വിളവ് സ്ഥിരതയോടെ പ്രതീക്ഷിക്കാവുന്ന പുതിയ ഇഞ്ചി കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്. മൂഴിക്കലിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐഐഎസ്ആർ) കർഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന് ‘ഐഐഎസ്ആർ സുരസ’ എന്നാണു പേര്. കഴിക്കുമ്പോൾ കുത്തൽ അനുഭവപ്പെടാത്ത രുചിയുള്ള ഇനമാണ് സുരസ. ഇന്ത്യയിൽ പച്ചക്കറി ആവശ്യത്തിനു വേണ്ടി ആദ്യമായി വികസിപ്പിക്കുന്ന ഇഞ്ചി ഇനമാണിത്.
കോടഞ്ചേരിയിലെ കർഷകനായ ജോൺ ജോസഫിന്റെ കയ്യിലുള്ള ഇഞ്ചിയിൽനിന്നാണ് ആദ്യഗവേഷണങ്ങൾ തുടങ്ങിയത്. ഇതിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് സുരസ വികസിപ്പിച്ചത്. അടുത്ത നടീൽ സീസണായ മേയ്, ജൂൺ മാസത്തോടെ കർഷകർക്കു വിത്ത് ലഭ്യമാകും. സാധാരണ ഇഞ്ചി ഇനങ്ങളെക്കാൾ വലുപ്പമുണ്ടെന്ന് സുരസയുടെ മുഖ്യ ഗവേഷകയും സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. സി.കെ.തങ്കമണി പറഞ്ഞു. ഡോ. എൻ.കെ.ലീല, ഡോ. ടി.ഇ.ഷീജ, ഡോ. കെ.എസ്.കൃഷ്ണമൂർത്തി, ഡോ. ഡി.പ്രസാദ്, ഡോ. ഷാരോൺ അരവിന്ദ്, ഡോ. എസ്.മുകേഷ് ശങ്കർ എന്നിവരാണ് സംഘത്തിൽ.