രാത്രി അധികനിരക്ക് ബാധകമാവുക 7.90 ലക്ഷം പേർക്ക്; കെഎസ്ഇബിക്കു ചെലവ് 20 കോടിയിലധികം രൂപ
Mail This Article
തിരുവനന്തപുരം ∙ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളെ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ്ങിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ബാധകമാകുന്നത് 7.90 ലക്ഷം പേർക്ക്. കെഎസ്ഇബിക്കു ചെലവ് 20 കോടിയിലധികം രൂപ.
ഈ തുക മീറ്റർ വാടകയായി ഉപയോക്താക്കൾ നൽകണം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്കിൽ 10% ഇളവ് ലഭിക്കുമെന്ന നേട്ടമുണ്ടെങ്കിലും വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ട് 6 മുതൽ രാത്രി 10 വരെ 25% അധിക നിരക്ക് നൽകേണ്ടി വരും. നിരക്കു വർധനയ്ക്കു മുൻപ് ഇത് 20% ആയിരുന്നു. നിലവിൽ ടിഒഡി ബില്ലിങ്ങിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഈ വർധന ബാധകമാകും.
ഗ്രിഡിലേക്കു പരിധിയിലധികം സൗരോർജം ലഭിക്കുന്നതിനാലാണ് പകൽ സമയത്തെ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടിഒഡി ബില്ലിങ്ങിൽ ഉൾപ്പെടുന്നവർക്ക് പകൽ ഉപയോഗത്തിന് നിരക്ക് കുറച്ചത്. നേരത്തേ പ്രതിമാസം 500 യൂണിറ്റിൽ അധികം ഉപയോഗിക്കുന്ന ഏകദേശം 22 ലക്ഷം ഗാർഹിക ഉപയോക്താക്കളെയാണ് ടിഒഡിയിൽ ഉൾപ്പെടുത്തിയിരുന്നത്.
നിലവിൽ 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന 5 ലക്ഷത്തോളം ഉപയോക്താക്കളുടെ വീട്ടിൽ ടിഒഡി മീറ്റർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവർക്ക് സ്ലാബ് അനുസരിച്ചുള്ള (ടെലിസ്കോപിക്) ബിൽ ആണ് നൽകിയിരുന്നത്. ഈ മീറ്ററിലെ പ്രോഗ്രാമിങ് മാറ്റിയാൽ ടിഒഡി ബിൽ നൽകാനാകും.
2.9 ലക്ഷം പുതിയ മീറ്റർ
2.9 ലക്ഷം ഉപയോക്താക്കൾക്കാണ് പുതിയ മീറ്റർ സ്ഥാപിക്കേണ്ടത്. കെഎസ്ഇബി ഇതിനകം 5.24 ലക്ഷം സിംഗിൾ ഫെയ്സ് മീറ്ററിന് ഓർഡർ നൽകിയിട്ടുണ്ട്. അത് ഈ മാസം ലഭിക്കും. 1.50 ലക്ഷം ത്രീഫെയ്സ് മീറ്റർ വാങ്ങാനും ടെൻഡർ നടപടി പൂർത്തിയായി. ജനുവരിയിൽ ലഭിക്കും.
ഉത്തരവാദിത്തം സിപിഎമ്മിന്: രമേശ്
8 വർഷം കൊണ്ട് വൈദ്യുതി നിരക്ക് വർധനയിലൂടെ 7500 കോടി രൂപയുടെ അധികഭാരമാണ് പിണറായി സർക്കാർ അടിച്ചേൽപിച്ചതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 4–5 രൂപ നിരക്കിൽ വൈദ്യുതി നൽകാൻ ന്യൂക്ലിയർ പവർ കോർപറേഷനും നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷനും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തയാറാകുമ്പോഴും 10–14 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് അദാനി, ജിൻഡൽ തുടങ്ങിയ കമ്പനികൾക്കു കോടികളുടെ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ തീരുമാനത്തിനു പിന്നിൽ പവർ ബ്രോക്കർമാരുണ്ട്. പണം വാങ്ങിയ ആളുകളുണ്ട്. അതിൽ മന്ത്രിയുണ്ടെന്നു പറയില്ല. കെഎസ്ഇബിക്കുണ്ടായ നഷ്ടത്തിന്റെ പൂർണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്നും അത് ലാവ്‌ലിനിൽ തുടങ്ങി അദാനിയിൽ എത്തിനിൽക്കുകയാണെന്നും രമേശ് ആരോപിച്ചു.