‘സിറിയയിൽ ശാശ്വത സമാധാനത്തിനു വേണ്ടി പ്രാർഥിക്കണം’; പാത്രിയർക്കീസ് ബാവാ മടങ്ങി
Mail This Article
നെടുമ്പാശേരി ∙ നാലു ദിവസത്തെ കേരള സന്ദർശനത്തിനു ശേഷം പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മടങ്ങി. വിമാനത്താവളത്തിൽ വിശ്വാസികളും സഭാ ഭാരവാഹികളും മെത്രാപ്പൊലീത്തമാരും ചേർന്നു പരിശുദ്ധ ബാവായെ യാത്രയാക്കി. എല്ലാ സഹകരണങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാവാ നന്ദി അറിയിച്ചു.
സങ്കീർണമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന തന്റെ മാതൃരാജ്യമായ സിറിയയിൽ ശാശ്വതമായ സമാധാനം ഉണ്ടാകാൻ എല്ലാവരും പ്രാർഥിക്കണമെന്നു ബാവാ അഭ്യർഥിച്ചു. വിമാനത്താവളത്തിൽ ബാവായെ യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്തയും നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ബാവായുമായ ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, മാത്യൂസ് മാർ അപ്രേം, ഏലിയാസ് മാർ അത്തനാസിയോസ്, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, സഭ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി.മാത്യു, വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ തുടങ്ങിയവർ ചേർന്നു യാത്രയാക്കി.