ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ വരുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പായാൽ, ടീകോമിൽനിന്ന് ഏറ്റെടുക്കുന്ന സ്മാർട് സിറ്റിയിലൂടെ സർക്കാർ പ്രഖ്യാപിച്ച ഐടി വികസനം പൂർണതോതിൽ നടപ്പാകില്ല. സിൽവർലൈനിന്റെ അലൈൻമെന്റ് പ്രകാരം സ്മാർട് സിറ്റിയിലെ 25 ഏക്കറോളം സ്ഥലത്തു നിർമാണം സാധ്യമല്ല.

അലൈൻമെന്റിൽ പെട്ട ഇൻഫോ പാർക്ക് ഫെയ്സ് രണ്ടിൽ 5 വർഷംമുൻപ് ഐടി കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ച 2 കമ്പനികൾക്കു നിർമാണം തുടങ്ങാനായിട്ടില്ല. െസസിൽ അനുമതി ലഭിച്ചാൽ 3 വർഷത്തിനകം കെട്ടിടം നിർമിക്കണമെന്നു നിയമമുള്ളപ്പോഴാണു 15 ഏക്കറിൽ നിർമാണം മുടങ്ങിയത്. ഇതേ സ്ഥിതി സ്മാർട് സിറ്റിയിലുമുണ്ടാകും. സിൽവർലൈനിനു 10 മീറ്റർ ബഫർ സോണുമുണ്ട്. സിൽവർലൈനിന്റെ ഭാവി തീരുമാനിക്കപ്പെടാത്തിടത്തോളം ഇവിടെ ഐടി വികസനവും തടസ്സപ്പെടും.

സ്മാർട് സിറ്റി പദ്ധതിക്കായി പാട്ടത്തിനു നൽകിയ 246 ഏക്കറിൽ 232 ഏക്കറിനു മാത്രമേ പ്രത്യേക സാമ്പത്തികമേഖലാ പദവിയുള്ളൂ. സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുത്ത 132 ഏക്കറിനാണ് ആദ്യം സെസ് പദവി ലഭിച്ചത്. സ്മാർട് സിറ്റി കമ്പനി 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കണമെന്നും അതിൽ 62 ലക്ഷം ചതുരശ്രയടി ഐടിക്കായിരിക്കണമെന്നും നിബന്ധനയുള്ളത് കാറ്റഗറി എ ആയി തിരിച്ച ഇവിടെയാണ്. ടീകോം കമ്പനി നിർമിച്ച 6.5 ലക്ഷം ചതുരശ്രയടിക്കു പുറമേ, 44 ലക്ഷം ചതുരശ്രയടി കെട്ടിടം ലുലു ഉൾപ്പെടെയുള്ള 4 കോ ഡവലപ്പർമാർ നിർമിച്ചുകൊണ്ടിരിക്കുകയാണ്. 10% ഭൂമി ഗ്രീൻ സോണായി മാറ്റിവച്ചിട്ടുണ്ട്. ഇതിനുപുറമേ സിൽവർലൈൻ മൂലമുള്ള നിയന്ത്രണം കൂടി വരുന്നതോടെ കാറ്റഗറി എയിൽ ഭാവിയിലെ നിർമാണത്തിനു സ്ഥലമുണ്ടാകില്ല.

പിന്നെ ശേഷിക്കുന്നത് ബി കാറ്റഗറിയിലുള്ളതും കെഎസ്ഇബിയിൽനിന്ന് ഏറ്റെടുത്തു പാട്ടത്തിനു നൽകിയതുമായ 100 ഏക്കറാണ്. ഇവിടെ ഐടി വ്യവസായത്തിന് അനുബന്ധമായ ടൗൺഷിപ് എന്ന നിലയ്ക്കാണു സെസ് അനുവദിച്ചത്. നിർമാണത്തിനു കാറ്റഗറി എയിലേതുപോലെ നികുതിയിളവില്ല.

സെസ് നിബന്ധന പ്രകാരം ഇവിടെ 40% സ്ഥലം ‘ഓപ്പൺ ഏരിയ’ ആയി നീക്കിവയ്ക്കണം. 20% ഗാർഹിക ആവശ്യത്തിനും 10% വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാം. സ്കൂൾ, ആശുപത്രി എന്നിവയും വേണം. ഇവിടെ ഐടി വ്യവസായം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചാലും പരമാവധി 30 ഏക്കർ മാത്രമേ ഉപയോഗിക്കാനാകൂ. അല്ലെങ്കിൽ വാണിജ്യ, ഗാർഹിക ഉപയോഗത്തിനുള്ള സ്ഥലത്തിന്റെ അളവു കുറയ്ക്കണം. 

കാറ്റഗറി എയിൽ ഐടി കമ്പനികൾക്കു മാത്രമേ വരാൻ കഴിയൂവെങ്കിൽ വാണിജ്യ, ഗാർഹിക വികസനത്തിനു സാധ്യതയുള്ള കാറ്റഗറി ബിയിൽ ഏതുതരം കമ്പനിക്കും നിക്ഷേപമിറക്കാം. 12% ഫ്രീ ഹോൾഡ് (സ്വതന്ത്രവിനിമയാധികാരം) ഭൂമി നീക്കിവച്ചിരിക്കുന്നതും ഇവിടെയാണ്. ഇതുകൊണ്ടെല്ലാം തന്നെ സർക്കാരിന്റെ ഉദ്ദേശ്യമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല.

English Summary:

SilverLine: Smart city project may lose 25 acres due to proposed Silverline rail corridor alignment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com