‘വയനാടിന് സഹായം നൽകാൻ എന്താണ് മടി?’: ലോക്സഭയിൽ വിമർശനവുമായി തരൂർ
Mail This Article
ന്യൂഡൽഹി ∙ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നു (എൻഡിആർഎഫ്) കേരളത്തിനു സഹായം അനുവദിക്കുന്നതിൽ വിവേചനം കാണിച്ചുവെന്നും മുണ്ടക്കൈ–ചൂരൽമല ദുരന്തവിഷയം പരിശോധിക്കാനെത്തിയ കേന്ദ്രമന്ത്രിതല സമിതിയുടെ റിപ്പോർട്ടിൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം എടുത്തിട്ടില്ലെന്നും ശശി തരൂർ ലോക്സഭയിൽ ആരോപിച്ചു. 2005 ലെ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ ചർച്ചയിലാണു തരൂർ രൂക്ഷവിമർശനം ഉയർത്തിയത്.
-
Also Read
യുഡിഎഫിന് ഊർജമായി ഉപതിരഞ്ഞെടുപ്പു ഫലം
‘‘കേന്ദ്രം അവതരിപ്പിച്ച പുതിയ ബിൽ തന്നെ മറ്റൊരു ദുരന്തമാണ്. വേണ്ട പഠനം നടത്തിയിട്ടില്ല. വയനാട്ടിൽ ഉണ്ടായതു സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 പേർ മരിച്ചു. നിലവിലെ നിയമത്തിന് ഈ ദുരന്തത്തിൽ ഒന്നും ചെയ്യാനായില്ല. പുതിയ ബില്ലിനും ഇത്തരം ദുരന്തങ്ങളിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കില്ല.
വയനാടിന് ദുരന്ത സഹായം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കഴിഞ്ഞ വർഷം തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കു സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നു. വയനാടിന് സഹായം നൽകാൻ എന്താണ് മടി? എൻഡിആർഎഫ് വിതരണത്തിൽ വേർതിരിവ് കാട്ടുകയാണ് കേന്ദ്രം. വയനാട്ടിലെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയ മട്ടാണ്. കേരളം പോലെ പ്രളയ സാഹചര്യം ആവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന ഒന്നും പുതിയ ബില്ലിലില്ല’’–തരൂർ പറഞ്ഞു.
തലസ്ഥാന നഗരങ്ങൾക്കും കോർപറേഷനുകൾക്കും പ്രത്യേകം ദുരന്ത നിവാരണ അതോറിറ്റികൾ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബിൽ കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിലാണു അവതരിപ്പിച്ചത്. എന്നാൽ വിശദമായി ചർച്ച ചെയ്തിരുന്നില്ല.