ചക്കുളത്തുകാവ് പൊങ്കാല ഇന്ന്; ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിക്കും
Mail This Article
എടത്വ ∙ അഭീഷ്ടസിദ്ധിക്കായി ഭക്തർ ഒരുക്കുന്ന അടുപ്പുകളിൽ ദേവി അനുഗ്രഹം തൂവുന്ന ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. വിവിധ ദേശങ്ങളിൽനിന്നു ഭക്തർ ഇന്നലെത്തന്നെ എത്തിത്തുടങ്ങി. ഇന്നു പുലർച്ചെ ശ്രീകോവിലിൽനിന്നു കൊടിവിളക്കിൽ ദീപം കൊളുത്തിയെടുക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. കൊടിമരച്ചുവട്ടിലെ പണ്ടാരയടുപ്പിലേക്കു വാദ്യമേളങ്ങുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ദീപം എത്തിക്കും. തുടർന്നു മേൽശാന്തി ഗണപതിയൊരുക്കിനു മുന്നിലെ വിളക്കിലേക്കു ദീപം പകരും. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു മൂലബിംബം എത്തിക്കും.
രാവിലെ 9നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നു പൊങ്കാല ഉദ്ഘാടനം ചെയ്യും. മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. തുടർന്നു വിളിച്ചുചൊല്ലി പ്രാർഥന. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിലവറ ദീപം കൊളുത്തിയെടുത്തു പണ്ടാരയടുപ്പിൽ അഗ്നി തെളിയിച്ച ശേഷം വാർപ്പിൽ ഉണക്കലരിയിടും. പണ്ടാരയടുപ്പിൽനിന്നു പകരുന്ന ദീപം മറ്റു പൊങ്കാലയടുപ്പുകളിലേക്കു കൈമാറും. പൊങ്കാലയൊരുങ്ങുമ്പോൾ 51 ജീവതകളിലായി ദേവീചൈതന്യം പൊങ്കാല തളിക്കാൻ പുറപ്പെടും. ജീവതകൾ തിരിച്ചെത്തിയ ശേഷം ഉച്ചദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും.