ADVERTISEMENT

കൊച്ചി ∙ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്കുള്ള ഇഡബ്ല്യുഎസ് സംവരണം കേന്ദ്ര മാനദണ്ഡമനുസരിച്ചു നേടുന്നതിനു കേരളത്തിലെ അപേക്ഷകർ നേരിട്ടിരുന്ന തടസ്സം നീങ്ങുന്നു. ഗ്രാമപ്രദേശങ്ങളിൽ പോലും പുരയിടം 4 സെന്റിൽ കൂടരുതെന്ന കേന്ദ്ര നിബന്ധന വിനയായതിനെ തുടർന്ന്, ഭൂവിസ്തൃതി എങ്ങനെ കണക്കാക്കുമെന്നു സംസ്ഥാന സർക്കാർ വ്യക്തത വരുത്തി. കേന്ദ്ര സർക്കാർ ജോലിക്കും കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകും. 

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിട്ടും സംസ്ഥാനത്ത് ഇതു നടപ്പാക്കിയിരുന്നില്ല. ഇക്കാരണത്താൽ പല അപേക്ഷകളും താലൂക്ക് ഓഫിസിൽനിന്നു മടക്കിയയയ്ക്കുന്ന സാഹചര്യമായിരുന്നു. വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ട ശേഷമാണു സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. 

വാർഷിക വരുമാനം 8 ലക്ഷം രൂപ കവിയരുത്, കൃഷി സ്ഥലം 5 ഏക്കറിൽ കൂടരുത്, വീട് 1000 ചതുരശ്ര അടി കവിയരുത്, ഹൗസ് പ്ലോട്ട് (പുരയിടം) നഗരങ്ങളിൽ 2.05 സെന്റും ഗ്രാമങ്ങളിൽ 4.1 സെന്റും കവിയരുത് എന്നിവയാണു സംവരണത്തിനുള്ള കേന്ദ്ര മാനദണ്ഡം. വീട് നിൽക്കുന്ന ഭൂമി മൊത്തം പുരയിടമായി കണക്കാക്കിയാണു കേരളത്തിൽ നികുതി സ്വീകരിക്കുന്നത്. കൃഷിയിടങ്ങളിൽ വീട് ഉള്ളവർക്കായിരുന്നു വലിയ പ്രതിസന്ധി. കെട്ടിടത്തിന്റെ ‘ബിൽറ്റ് അപ് ഏരിയ’യും (നിർമാണത്തിന്റെ മൊത്തം വിസ്തീർണം) ‘കവേർഡ് ഏരിയ’യും (ബിൽഡിങ് ഫുട്പ്രിന്റ്) ചട്ടപ്രകാരം ചുറ്റും വേണ്ട ‘സെറ്റ് ബാക്ക് ഏരിയ’യും ഒഴിച്ചു ബാക്കി കൃഷിഭൂമിയായി കണക്കാക്കാമെന്നാണു സർക്കാരിന്റെ പുതിയ ഉത്തരവ്. ഇതോടെ, ഒരു വിഭാഗം യുവ ജനങ്ങൾക്കു ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും സംവരണ ആനുകൂല്യത്തിനു സർട്ടിഫിക്കറ്റ് കിട്ടുന്നതിനുള്ള തടസ്സം നീങ്ങും. വീടിന്റെ നികുതി രസീതിൽ നിന്നു ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു. 

ഭൂവിസ്തൃതി കണക്കാക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര പഴ്സനൽ മന്ത്രാലയം 2022 ൽ സംസ്ഥാനങ്ങൾക്കു കത്ത് അയച്ചിട്ടും കേരളത്തിൽ ഇതു നടപ്പാക്കുന്നില്ലെന്നു കാണിച്ച് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. കേന്ദ്ര നിർദേശം 2 മാസത്തിനകം സംസ്ഥാനത്തു നടപ്പാക്കണമെന്ന് 2024 ഫെബ്രുവരിയിൽ ഹൈക്കോടതി നിർദേശിച്ചു. എന്നിട്ടും നടപടി ഇല്ലെന്നാരോപിച്ചു കോടതിയലക്ഷ്യ ഹർജിയും നൽകിയ പശ്ചാത്തലത്തിലാണു സർക്കാർ ഉത്തരവ്. 

English Summary:

EWS certificate: EWS Reservation in Kerala is seeing positive changes as the state government clarifies homestead land calculation methods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com