നൂറ്റാണ്ട് സാക്ഷി, ആദ്യ രക്തസാക്ഷി; വൈക്കം സത്യഗ്രഹപ്പോരാളി ചിറ്റേടത്തു ശങ്കുപ്പിള്ള മർദനത്തിൽ പരുക്കേറ്റു മരിച്ചത് 1924 ഡിസംബർ 13ന്
Mail This Article
പത്തനംതിട്ട ∙ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യരക്തസാക്ഷിത്വത്തിനു നാളെ ഒരു നൂറ്റാണ്ട്. വൈക്കം സത്യഗ്രഹപ്പോരാളി കോഴഞ്ചേരി മേലുകരയിൽ ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ് ആധുനിക കേരളത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷി. 38–ാം വയസ്സിലാണ് അദ്ദേഹം മർദനമേറ്റു മരിക്കുന്നത്.
സമ്പന്ന കുടുംബത്തിൽ ജനിച്ച ശങ്കുപ്പിള്ള കൗമാരത്തിൽത്തന്നെ നായർ സമുദായവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനം തുടങ്ങിയിരുന്നു. ചെറുകോൽപ്പുഴ മണപ്പുറത്തു നടന്ന ആദ്യ മത മഹാസമ്മേളനം മുതൽ പങ്കാളിയായി. ഗാന്ധിജിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി അദ്ദേഹത്തെ കാണാൻ സബർമതി ആശ്രമത്തിലേക്കു പോയി. അന്നു ഗാന്ധിജി നൽകിയ 3 ചർക്കകളുമായി മടങ്ങിയെത്തിയ അദ്ദേഹം തിരുവിതാംകൂറിൽ ചർക്ക പ്രചാരകനും കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായി. അയിത്തോച്ചാടന പ്രമേയം അംഗീകരിച്ച 1923 ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിലും ശങ്കുപ്പിള്ള പങ്കെടുത്തു. സ്വന്തം വീടിന്റെ വരാന്തയിൽ പന്തിഭോജനം നടത്തി നാട്ടിലെ പ്രമാണിമാരെ അദ്ദേഹം ഞെട്ടിച്ചു. ചെങ്ങന്നൂർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
1924 ഏപ്രിൽ ഒന്നിനാണു വൈക്കം സത്യഗ്രഹം തുടങ്ങുന്നത്. തിരുവിതാംകൂറിൽനിന്നു വൊളന്റിയർമാരെ സംഘടിപ്പിക്കുകയും സത്യഗ്രഹ ആശ്രമത്തിലേക്കുള്ള പച്ചക്കറി സാധനങ്ങൾ ശേഖരിക്കുകയുമായിരുന്നു ചുമതല. മന്നത്തു പദ്മനാഭൻ, കെ.കേളപ്പൻ തുടങ്ങിയവർ സത്യഗ്രഹത്തിന്റെ നിർണായക ഘട്ടത്തിൽ അറസ്റ്റിലായതോടെ ശങ്കുപ്പിള്ള നേതൃനിരയിലെത്തി.
പുലയ സമുദായാംഗങ്ങളെ സത്യഗ്രഹത്തിൽ അണിചേർത്തു. ശങ്കുപ്പിള്ള പ്രസംഗിക്കുന്നതു തടഞ്ഞു കൊല്ലം ഡിസ്ട്രിക്ട് മജിസ്ട്രേട്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചെങ്ങന്നൂരിൽ ചേർന്ന യോഗത്തിൽ നിരോധനം ലംഘിച്ചു പ്രസംഗിച്ച അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തടവിൽനിന്നു മോചിതനായി സത്യഗ്രഹത്തിൽ പങ്കെടുക്കാൻ വൈക്കത്ത് എത്തിയ ശങ്കുപ്പിള്ളയെ സവർണർ ഏർപ്പെടുത്തിയ ഗുണ്ടകൾ ക്രൂരമായി മർദിച്ചു. ആ മർദനമേറ്റായിരുന്നു 1924 ഡിസംബർ 13ന് മരണം. മേലുകരയിലെ തറവാട്ടുവീട്ടിൽ നാളെ ചിറ്റേടത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ നടക്കും.
ചിറ്റേടത്തു ശങ്കുപ്പിള്ള
ചെന്നിത്തല അമ്പലപ്പാട്ട് രായിങ്ങൽ ശങ്കരനാശാന്റെയും പത്തനംതിട്ട മേലുകര ചിറ്റേടത്തു പാർവതിയമ്മയുടെയും മകനായി 1887 ഏപ്രിൽ 10 നു ജനനം. നീർവിളാകം കുന്നത്തേത്തു നാണിയമ്മ ആദ്യ ഭാര്യ. മകൻ: രാമകൃഷ്ണപിള്ള. നാണിയമ്മയുടെ മരണശേഷം മേലുകര തോട്ടത്തിൽ ലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. മക്കൾ: പ്രഭാകരൻ നായർ, ചന്ദ്രശേഖരൻ നായർ.
ചിറ്റേടത്തിന്റെ മാതൃസഹോദരിയുടെ ചെറുമകൾ സി.കെ. ശോഭനാദേവിയും ഭർത്താവ് ജി.രാമചന്ദ്രൻ നായരുമാണു തറവാട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ശങ്കുപ്പിള്ള സബർമതിയിൽ നിന്നു കൊണ്ടുവന്ന ചർക്കയുടെ ഭാഗവും ഇവിടെയുണ്ട്. തറവാടിനോടു ചേർന്നു സ്മാരക മണ്ഡപവും നിർമിച്ചിട്ടുണ്ട്.