ഷോപ്പിങ് വിസ്മയവുമായി ലുലു മാൾ തുറന്നു
Mail This Article
കോട്ടയം ∙ വിശാലമായ ഹൈപ്പർമാർക്കറ്റുമായി ലുലു മാൾ കോട്ടയത്ത് മണിപ്പുഴയിൽ എംസി റോഡരികിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അക്ഷരനഗരിയായ കോട്ടയത്തേക്കു ഗുണമേന്മയുള്ള ഉൽപന്നങ്ങളും നല്ല ഷോപ്പിങ് അനുഭവവുമായി ലുലു മാൾ എത്തുന്നത് സ്വാഗതാർഹമാണെന്നും കോട്ടയത്തിന്റെ ആധുനികവൽക്കരണത്തിന് അതു കരുത്തേകുമെന്നും മന്ത്രി വാസവൻ പറഞ്ഞു. ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി.
കോട്ടയം സ്വദേശികൾ ലോകോത്തര ശൃംഖലയുടെ ഭാഗമായെന്നും നഗരവികസനത്തിന് അതു വേഗം വർധിപ്പിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളം വയോജനങ്ങളുടെ സങ്കേതമായി മാറുന്നതു തടയാൻ സംരംഭകരും രാഷ്ട്രീയപ്രവർത്തകരും മാധ്യമങ്ങളുമെല്ലാം ഒരുമിച്ചുനിന്നു പ്രവർത്തിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. മധ്യതിരുവിതാംകൂറിനുള്ള ക്രിസ്മസ് പുതുവത്സര സമ്മാനമാണ് ലുലു മാൾ. കോട്ടയം ലുലുവിലൂടെ രണ്ടായിരം പേർക്ക് തൊഴിലവസരം ലഭിക്കുമെന്നും യുവത്വത്തിന്റെ മികവ് നാട്ടിൽ പ്രയോജനപ്പെടുത്താനാണ് വിവിധ പദ്ധതികളിലൂടെ ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി പറഞ്ഞു.
എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്, ജോസ്.കെ മാണി, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ ഷീന ബിനു, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സന്തോഷ് ജോർജ് കുളങ്ങര, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി, ലുലു ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ. നിഷാദ് എന്നിവർ പ്രസംഗിച്ചു.
350 കോടി രൂപ ചെലവിൽ 3.22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് കോട്ടയം ലുലു മാൾ ആരംഭിച്ചത്. 1.4 ലക്ഷം ചതുരശ്ര അടി വലുപ്പത്തിലാണ് ആധുനിക നിലവാരവും മികച്ച സൗകര്യങ്ങളുമുള്ള ഹൈപ്പർമാർക്കറ്റ്. ഫുഡ് കോർട്ട്, ഇൻഡോർ ഗെയിമിങ് സോൺ, ആയിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ്, 23 ബ്രാൻഡഡ് ഷോറൂമുകൾ എന്നിവയും കോട്ടയത്തെ മാളിലുണ്ട്. രാവിലെ 9 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. നിലവിൽ പാർക്കിങ് ഫീസില്ല.
ഉദ്ഘാടനദിനം ഷോപ്പിങ്ങിന് വൻതിരക്ക്
കോട്ടയം ∙ ഉദ്ഘാടനദിവസം ലുലു മാളിൽ ഷോപ്പിങ്ങിന് വൻ തിരക്ക്. ഉദ്ഘാടനശേഷം വൈകിട്ട് നാലോടെയാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതെങ്കിലും അതിനു മുൻപേ തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാത്രി പതിനൊന്നുവരെ തിരക്ക് തുടർന്നു. ലുലു ഹൈപ്പർമാർക്കറ്റിൽ ഉപയോക്താക്കളുടെ സൗകര്യത്തിനായി 23 ബില്ലിങ് കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
രണ്ടുനിലയുള്ള ലുലു മാളിന്റെ താഴത്തെ നിലയിലാണ് ഹൈപ്പർമാർക്കറ്റ്. യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ, ചൈനയും ജപ്പാനും ഉൾപ്പെടുന്ന കിഴക്കനേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമുണ്ട്. നേരെ ചൂടാക്കി കഴിക്കാവുന്ന വിഭവങ്ങളുടെ നീണ്ട നിര. മുന്തിയ ഒട്ടുമിക്ക ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷനും ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങളുടെ ശേഖരവുമായി ലുലു കണക്ടും മുകളിലെ നിലയിലാണ്. ലുലുവിന്റെ തന്നെ ബ്ലഷ്, ഐ എക്സ്പ്രസ് എന്നിവയാണ് സുഗന്ധവിഭാഗവും ഫാഷൻ കണ്ണട വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. കാപ്പി-ചായ പ്രേമികൾക്കായി ലുലുവിന്റെ ‘ദ് കോഫി കപ്പ്’ സജ്ജമാണ്. അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഫൂഡ് കോർട്ടാണുള്ളത്.
9000 ചതുരശ്ര അടിയിലാണ് കുട്ടികളുടെ വിനോദമേഖലയായ ‘ഫൺടൂറ’ സജ്ജമായിരിക്കുന്നത്. 250ൽ ഏറെ കുട്ടികൾക്ക് ഒരേസമയം കളികളിൽ ഏർപ്പെടാം. 23 പ്രമുഖ ബ്രാൻഡുകളുടെ ഷോറൂമുകളും സജ്ജം. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ പ്രധാന ഷോപ്പിങ് കേന്ദ്രമാകും ഇവിടമെന്ന് ലുലു അധികൃതർ പറഞ്ഞു.
തിയറ്ററുകൾ തുടങ്ങും: എം.എ.യൂസഫലി
കോട്ടയത്തെ ലുലു മാളിൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ലുലുവിന് ഇന്ത്യയിൽ എട്ട് ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങളാണുള്ളത്. അവിടെ നിന്നുള്ള മികച്ച ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാക്കുന്നു. കൊട്ടിയം, തൃശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി ഫ്രഷ് കേന്ദ്രങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.