ADVERTISEMENT

തിരുവനന്തപുരം∙ ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം. പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല. 

സർക്കാരിന്റെയും സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും മതസ്ഥാപനങ്ങളുടെയും ബോർഡ്, ബാനർ, പോസ്റ്റർ, കൊടിതോരണം എന്നിവയുമുണ്ടാകരുത്. 18നുശേഷം ഇവ പൊതുറോഡിലോ പരിസരത്തോ കണ്ടാൽ ബോർഡ് ഒന്നിന് 5000 രൂപ വീതം ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപന സെക്രട്ടറിയിൽ നിന്നു പിഴയീടാക്കും.

ഹൈക്കോടതിയുടെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ. ഇത്തരത്തിൽ സ്ഥാപിച്ച ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനു തദ്ദേശസ്ഥാപന സെക്രട്ടറിമാരെ സഹായിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി നേരത്തേ സർക്കുലർ നൽകിയിരുന്നു. പൊതുറോഡിലും റോഡിന്റെ ഭാഗമായി വരുന്ന സ്ഥലങ്ങളിലും ബാനറോ ബോർഡോ വയ്ക്കുന്നതിന് അനുമതി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നാണു പുതിയ സർക്കുലറിൽനിന്നു വ്യക്തമാകുന്നത്.

തദ്ദേശവകുപ്പിന്റെ നിർദേശങ്ങൾ:

∙ നിലവിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും പൊലീസ് സഹായത്തോടെ നീക്കണം.

∙ ഓരോ രാഷ്ട്രീയ പാർട്ടിയുടെയും എത്ര വീതം നീക്കം ചെയ്തു, കേസ്, പിഴ എന്നീ വിവരങ്ങൾ സമാഹരിച്ച് അറിയിക്കണം.

∙ 18ന് അകം സംസ്ഥാനത്തെ എല്ലാ റോഡും നടപ്പാതയും മീഡിയനും കൈവരിയും ട്രാഫിക് ഐലൻഡും പോസ്റ്റർ/ബോർഡ്/ബാനർ/കൊടി മുക്തമാക്കണം.

∙ ഉത്തരവാദിത്തം തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക്. ഇല്ലെങ്കിൽ 5000 രൂപ നിരക്കിൽ പിഴ.

∙ നീക്കം ചെയ്തവയുടെ എണ്ണം, പിഴ ഉൾപ്പെടെ വിശദാംശങ്ങൾ പ്രിൻസിപ്പൽ ഡയറക്ടർ ഹൈക്കോടതിക്കു നൽകണം.

English Summary:

No More Roadside Ads: Kerala bans all banners and posters from public roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com