റോഡ് തടസ്സപ്പെടുത്തി സ്റ്റേജ്: നേതാക്കൾക്കെതിരെ കേസെടുത്താൽ എം.വി.ഗോവിന്ദൻ ഉൾപ്പെടെ പ്രതിയാകും
Mail This Article
തിരുവനന്തപുരം∙ വഞ്ചിയൂരിൽ സിപിഎം സമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തിയ സംഭവത്തിൽ സ്റ്റേജിലുണ്ടായിരുന്ന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്താൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം പ്രതികളാകും. സമ്മേളനത്തിനായി സ്ഥാപിച്ച സ്റ്റേജിലുണ്ടായിരുന്ന നേതാക്കൾക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞ സാഹചര്യത്തിൽ നേതാക്കളെ ‘കണ്ടില്ലെന്നു നടിക്കാൻ’ ഇനി പൊലീസിനാവില്ല.
സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെയാണു വഞ്ചിയൂർ പൊലീസ് ആദ്യം കേസെടുത്തത്. നിയമലംഘനം കൺമുന്നിൽ നടന്നിട്ടും നേതാക്കളെ പേരെടുത്തു രേഖപ്പെടുത്തി കേസിലുൾപ്പെടുത്താൻ പൊലീസ് ആദ്യം തയാറായില്ല. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞശേഷം കേസിലുൾപ്പെടുത്താനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പാളയം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പിന്നീട് പ്രതിപ്പട്ടികയിലുൾപ്പെടുത്തി. സംസ്ഥാന, ജില്ലാ നേതാക്കളെ തൊടാതെ അന്വേഷണവുമായി മുന്നോട്ടുപോകവേയാണ് ഹൈക്കോടതി ഇടപെടലുണ്ടായിരിക്കുന്നത്. റോഡ് ബ്ലോക്ക് ചെയ്ത് സമ്മേളനങ്ങളോ പ്രക്ഷോഭങ്ങളോ നടത്തുന്ന പാർട്ടിയല്ല സിപിഎം എന്നായിരുന്നു ഇതെക്കുറിച്ച് എം.വി.ഗോവിന്ദന്റെ പ്രതികരണം.