ADVERTISEMENT

കാക്കനാട്∙ രണ്ടാഴ്ച മുൻപ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാഴക്കാല ഓത്തുപള്ളി റോഡ് സൈറ മൻസിലിൽ സലീമിനെ (69) ബിഹാർ സ്വദേശികളായ വീട്ടുജോലിക്കാരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. കൗശൽകുമാർ (25), ഭാര്യ അസ്മിത കുമാരി (24) എന്നിവരെ അറസ്റ്റ് ചെയ്തു. സലീമിന്റെ വീട്ടിലെ ജോലിക്കാരിയാണ് അസ്മിത. കൗശൽകുമാറും പ്ലമിങ് ജോലിക്കും മറ്റുമായി ഇടയ്ക്കു വീട്ടിൽ വരാറുണ്ട്. സംഭവത്തിനു ശേഷം ഇരുവരും ബിഹാറിലേക്കു പോയിരുന്നു. ബന്ധുവിനെക്കൊണ്ടു പല തവണ ഫോണിൽ വിളിപ്പിച്ചതിനെ തുടർന്നാണു ഇവർ തിരിച്ചെത്തിയത്. 

സലീമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ 29നാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സൈറാബാനു രണ്ടു ദിവസം മുൻപ് യുകെയിലുള്ള മകളുടെ അടുത്തേക്കു പോയിരുന്നു. മറ്റു രണ്ടു മക്കളിൽ ഒരാൾ യുഎസിലും മറ്റൊരാൾ കോയമ്പത്തൂരിലുമാണ്. മൃതദേഹം കണ്ടെത്തുന്നതിനു തലേദിവസം രാത്രി സലീം മരിച്ചെന്നാണ് അനുമാനം. അന്നു വൈകിട്ട് കൗശൽകുമാറും അസ്മിതയും സലീമിന്റെ വീട്ടിലേക്കു എത്തുന്നതിന്റെയും രാത്രി തിരിച്ചു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സലീം വിളിച്ചതനുസരിച്ചാണ് ഇരുവരും എത്തിയത്. സലീമിന്റെ തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ ഇവർക്കു ജോലി നൽകുന്നതു സംബന്ധിച്ചു ചർച്ച നടത്തി.

സംസാരിക്കുന്നതിനിടെ നേരത്തേ ജോലി ചെയ്തതിന്റെ ശമ്പളവുമായി ബന്ധപ്പെട്ടു തർക്കമുണ്ടായെന്നും വാഗ്വാദത്തിനിടെ  പിടിച്ചു തള്ളിയപ്പോൾ സലീം തലയടിച്ചു വീണു എന്നുമാണ് കൗശൽകുമാർ പറയുന്നത്. പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സലീം ബോധരഹിതനായെന്നു വ്യക്തമായതോടെ വിരലിൽ കിടന്നിരുന്ന മോതിരങ്ങളും 3,500 രൂപ അടങ്ങിയ പഴ്സും കിടപ്പുമുറിയിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന ചെമ്പു നാണയങ്ങളും പരിസരത്തുണ്ടായിരുന്ന മൊബൈൽ ഫോണും എടുത്തു സ്ഥലം വിട്ടെന്നും പ്രതികൾ പറയുന്നു. 

എന്നാൽ എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സലീമിന്റെ മക്കൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്ത ശേഷമേ സംഭവം സംബന്ധിച്ചു വ്യക്തത ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്. സ്ക്രാപ് ബിസിനസ് ഉൾപ്പെടെ നടത്തുന്നയാളായിരുന്നു സലീം. മക്കൾ: പർവീൻ, സോണി, സെറിൻ. മരുമക്കൾ: ഷിജു, അബു താഹിർ, മിൻഹാസ്. 

29ന് യുകെയിൽ നിന്നു ഭാര്യ പലതവണ വിളിച്ചിട്ടും സലീം ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അടുത്തുള്ള ബന്ധുവിനോട് വീട്ടിൽ പോയി നോക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹം എത്തുമ്പോൾ വീടിന്റെ പിൻഭാഗത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. അകത്തു കയറി നോക്കിയപ്പോൾ തറയിൽ കിടക്കുന്ന സലീമിനെയാണു കണ്ടത്. 

കോയമ്പത്തൂരിൽനിന്ന് മകൾ എത്തിയശേഷമാണ് മൃതദേഹം നീക്കിയതും ഇൻക്വസ്റ്റ് നടത്തിയതും. മൃതദേഹത്തിൽ ബാഹ്യമായോ ആന്തരികമായോ പരുക്കുകൾ ഇല്ല. ഹൃദയാഘാതം എന്നായിരുന്നു ആദ്യം നാട്ടുകാരും ബന്ധുക്കളും കരുതിയത്. പിന്നീട് സലീമിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ നഷ്ടമായെന്ന കണ്ടെത്തലാണ് സംശയത്തിന് ഇടയാക്കിയത്. തൃക്കാക്കര ഇൻസ്പെക്ടർ എ.കെ.സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

Murder case: Bihar couple arrested for the murder of house owner Saleem a 69 year old man from Vazhakkala, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com