ബിൽതുക: കുറയുന്നത് പകലിലെ നിരക്ക് ; ഇലക്ട്രിക് വാഹന ചാർജിങ് നിരക്ക് കുറയും
Mail This Article
തിരുവനന്തപുരം ∙ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളിൽ പകൽ സമയത്തെ ചാർജിങ്ങിനു നിരക്ക് കുറയും. വൈദ്യുതി ചാർജ് ഈടാക്കുന്നതുപോലെ ഒരു ദിവസത്തെ മൂന്നു സമയ മേഖലകളായി തിരിക്കുന്ന ടൈം ഓഫ് ഡേ ബില്ലിങ് മാതൃകയാണ് വാഹനങ്ങളുടെ ചാർജിങ്ങിനും സ്വീകരിക്കുക.
പകൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നതിനാൽ കൂടുതൽ വാഹനങ്ങളെ ഈ സമയത്ത് ചാർജ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും രാത്രിയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുകയുമാണ് ലക്ഷ്യം. നിർദേശങ്ങൾ തയാറാക്കാൻ കെഎസ്ഇബി പ്രോജക്ട്സ് വിഭാഗം ചീഫ് എൻജിനീയർക്ക് വൈദ്യുതി ബോർഡ് നിർദേശം നൽകി. കെഎസ്ഇബിയുടെ കീഴിലുള്ള 63 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളെ ആപ്പ് രഹിത, വോലറ്റ് രഹിത പേയ്മെന്റ് സൗകര്യത്തോടു കൂടിയ റിഫ്രെഷ് ആൻഡ് റീചാർജ് കേന്ദ്രങ്ങളായി വികസിപ്പിക്കുമ്പോഴാകും ഇതു പ്രാബല്യത്തിലാകുക. നിലവിൽ കെഎസ്ഇബിയുടെ 5 ചാർജിങ് കേന്ദ്രങ്ങളിൽ പഴയ ഡിസി001 ടൈപ്പ് ചാർജർ ആണുള്ളത്. ഇതിനു പകരം ആപ്പ് രഹിത പേയ്മെന്റ് സൗകര്യമുള്ള 30 കിലോവാട്ട് സിംഗിൾ–ഗൺ സിസിഎസ്2 ചാർജർ ആണ് സ്ഥാപിക്കുക.
കൊച്ചി പാലാരിവട്ടം കെഎസ്ഇബി അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് പരിസരത്തെ ചാർജിങ് സ്റ്റേഷനിൽ സീമെൻസ് കമ്പനി പരീക്ഷണമെന്ന നിലയിൽ ഒരു വർഷത്തേക്ക് സ്വന്തംനിലയിൽ ഈ ചാർജർ സ്ഥാപിക്കും.
ചാർജ് തീരുംമുൻപേ സ്റ്റേഷൻ കാട്ടും
∙ നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ സ്റ്റേഷനിൽ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ മുഖേനയാണ് ചാർജിങ് നടത്തി വോലറ്റിലൂടെ പണമടയ്ക്കുന്നത്. നെറ്റ്‌വർക് പ്രശ്നങ്ങൾ, ആപ്പിന്റെ സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ തുടങ്ങിയവ കാരണം പരാതി ഉയർന്നതോടെയാണ് കെഎസ്ഇബി പരിഷ്കാരത്തിനു തയാറെടുക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെയും ചാർജറുകളുടെയും നിർമാണ കമ്പനികളുമായും ഗൂഗിൾ മാപ്സ്, മാപ് മൈ ഇന്ത്യ തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായും ചർച്ച നടത്തി. ചാർജ് കുറയുന്നതു മനസ്സിലാക്കി ഏറ്റവും അടുത്തുള്ള ചാർജിങ് സ്റ്റേഷനിലേക്കു നാവിഗേഷൻ ആപ്ലിക്കേഷൻ വഴികാട്ടും. ചാർജിങ് സ്റ്റേഷനിലെത്തുമ്പോൾ ചാർജറും വാഹനത്തിലെ സോഫ്റ്റ്‌വെയറും തമ്മിൽ ഡേറ്റ കൈമാറും. സ്റ്റേഷനിൽ കഫെറ്റീരിയ, ശുചിമുറി, വൈഫൈ സൗകര്യങ്ങളുണ്ടാകും.