മണിയാർ കരാർ നീട്ടുന്നതിനു പിന്നിൽ കോടികളുടെ അഴിമതി: വി.ഡി.സതീശൻ
Mail This Article
തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ എതിർപ്പു മറികടന്നു മണിയാർ ജലവൈദ്യുത പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയിൽ തന്നെ നിലനിർത്താൻ സർക്കാർ ശ്രമിച്ചതിനു പിന്നിൽ കോടികളുടെ അഴിമതിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മണിയാർ പദ്ധതി 30 വർഷത്തേക്കാണു കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിക്കു നൽകിയിരുന്നത്. ഇതനുസരിച്ച് 30 വർഷം കഴിയുമ്പോൾ കെഎസ്ഇബിക്കു തിരിച്ചുനൽകണം. എന്നാൽ തിരിച്ചുവാങ്ങിയില്ലെന്നു മാത്രമല്ല, 25 വർഷത്തേക്കുകൂടി കരാർ ദീർഘിപ്പിച്ചു നൽകാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കൈവിട്ടുപോകുന്നതോടെ വൈദ്യുതി ബോർഡിന് പ്രതിവർഷം ശരാശരി 18 കോടി രൂപയുടെ നഷ്ടമുണ്ടാകും. വൈദ്യുതി നിരക്കുവർധനയിൽ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയിൽ വൈദ്യുതി ബോർഡും നട്ടംതിരിയുമ്പോഴാണ് മണിയാർ പദ്ധതി സ്വകാര്യ കമ്പനിക്ക് അടിയറവ് വയ്ക്കുന്നത്.