മുല്ലപ്പെരിയാർ: അറ്റകുറ്റപ്പണിക്ക് കേരളത്തിന്റെ അനുമതി
Mail This Article
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ മാത്രം നടത്താൻ തമിഴ്നാടിന് കേരളം അനുമതി നൽകി. 7 ജോലികൾക്ക് നിബന്ധനകളോടെയാണ് അനുമതി. പുതിയ അണക്കെട്ട് നിർമിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിലും സ്പിൽവേയിലും സിമന്റ് പെയ്ന്റിങ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് നടത്താൻ തമിഴ്നാട് ഉദേശിക്കുന്നത്. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാട്. ആദ്യം അറ്റകുറ്റപ്പണി, അതിനു ശേഷം സുരക്ഷാ പരിശോധന എന്ന നിലപാടായിരുന്നു തമിഴ്നാടിന്. എന്നാൽ കേരളം നിലപാട് മാറ്റി.
അണക്കെട്ടിൽ അറ്റകുറ്റപ്പണിക്കായി എത്തിയ തമിഴ്നാട് സംഘത്തെ കേരള വനം വകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് ചർച്ച നടത്തുമെന്നു തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്റ്റാലിൻ കേരളത്തിൽ എത്തിയപ്പോൾ തന്നെ അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികൾ അണക്കെട്ടിലേക്കു കൊണ്ടുപോകാൻ തമിഴ്നാടിന് അനുമതി നൽകി കേരളം ഇൗ മാസം 11 ന് ഉത്തരവിറക്കുകയായിരുന്നു.
കേരളത്തിന്റെ നിബന്ധനകൾ
∙ ഇടുക്കി മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിൽ മാത്രമേ അറ്റകുറ്റപ്പണി നടത്താൻ പാടുള്ളൂ.
∙ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന ദിവസവും സമയവും മുൻകൂട്ടി അറിയിക്കണം.
∙ വന നിയമങ്ങൾ കൃത്യമായി പാലിച്ച് രാവിലെ 6 നും വൈകിട്ട് 6 നും ഇടയിൽ മാത്രമാണ് വാഹനങ്ങൾക്ക് അനുമതി.
∙ തേക്കടി, വള്ളക്കടവ് ചെക് പോസ്റ്റുകളിൽ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാമഗ്രികളുടെയും വിവരങ്ങൾ രേഖപ്പെടുത്തും.
∙ സംസ്ഥാന സർക്കാർ അനുമതി നൽകാത്ത നിർമാണ പ്രവർത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നടത്താൻ പാടില്ല.
∙ 1980 ലെ വനസംരക്ഷണ നിയമത്തിൽ അനുമതിയില്ലാത്ത പുതിയ നിർമാണവും നടത്താൻ പാടില്ല.