വിഴിഞ്ഞം തുറമുഖം: ‘വിജിഎഫ് ഗ്രാന്റായിത്തന്നെ അനുവദിക്കണം’: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് അനുവദിക്കുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കേന്ദ്രസർക്കാർ വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ സ്വീകരിച്ച നയത്തിൽനിന്നുള്ള വ്യതിയാനമാണു വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേരളത്തോടു സ്വീകരിച്ചിരിക്കുന്നതെന്നു കത്തിൽ ചൂണ്ടിക്കാട്ടി.
വിജിഎഫ് ഗ്രാന്റായിത്തന്നെ അനുവദിക്കുന്നതിനു പ്രധാനമന്ത്രി ഇടപെടണം. അടിസ്ഥാന സൗകര്യ വികസനരംഗത്തു സംസ്ഥാനങ്ങൾക്കുള്ള മുതൽമുടക്കിന്റെ അധികഭാരം ലഘൂകരിക്കാനാണു വിജിഎഫ് സ്കീം കൊണ്ടുവന്നത്. കേന്ദ്രം നൽകുന്നതിനു സമാനമായ വിജിഎഫ് സംസ്ഥാനവും തുറമുഖ പദ്ധതിക്കു മുടക്കുന്നുണ്ട്. ഇതിനു പുറമേ 4777.80 കോടി രൂപ നിർമാണത്തിനായി സംസ്ഥാനം ചെലവിടുന്നുമുണ്ട്.
ഇക്കാരണത്താലാണു സംസ്ഥാനത്തിനു 2034 മുതൽ വരുമാനവിഹിതം ലഭിക്കുക. എന്നാൽ, വിജിഎഫിനു കേന്ദ്രം വരുമാനത്തിൽനിന്നു തിരിച്ചടവ് ആവശ്യപ്പെടുന്നതു യുക്തിസഹമല്ല. ധനകാര്യ മന്ത്രാലയം കേരളത്തിന് അനുകൂലമായ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിജിഎഫ് വായ്പയായി മാത്രമേ അനുവദിക്കാനാകൂവെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.