സ്വത്തുതർക്കത്തെത്തുടർന്ന് കൊല: കേസിന്റെ വാദം പൂർത്തിയായി
Mail This Article
കോട്ടയം ∙ സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വാദം പൂർത്തിയായി. കോട്ടയം അഡിഷനൽ സെഷൻസ് ജഡ്ജി ജെ.നാസർ മുൻപാകെ 2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണയാണു കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായത്. 2022 മാർച്ച് 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്തുതർക്കത്തെത്തുടർന്നു കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരനായ മാത്യു സ്കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്. 278 പ്രമാണങ്ങളും വെടിവയ്ക്കാൻ ഉപയോഗിച്ച വിദേശനിർമിത റിവോൾവറും ഉൾപ്പെടെ 75 തൊണ്ടിമുതലും ഹാജരാക്കി. ഹൈദരാബാദ് സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ ബാലിസ്റ്റിക് എക്സ്പർട്ട് എസ്.എസ്.മൂർത്തി കോടതി മുൻപാകെ നേരിട്ടു ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നൽകി. ഇതിനിടെ, പ്രതി ജോർജ് കുര്യൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു. ക്രിസ്മസ് അവധിക്കു മുൻപ് വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ, അഭിഭാഷകരായ നിബു ജോൺ, സ്വാതി എസ്.ശിവൻ എന്നിവർ ഹാജരായി.