ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാന നഗരത്തിലെ സ്മാർട്ട് സിറ്റി പദ്ധതിയുടെ മറവിൽ വ്യാപക അഴിമതിയെന്ന് ആക്ഷേപം. കോർപറേഷൻ പരിധിയിലെ 514 സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരകളിലും ടൈറ്റാനിയത്തിലും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ അനെർട്ട് അഴിമതി നടത്തിയതായി എം.വിൻസന്റ് എംഎൽഎ ആരോപിച്ചു.     

   വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അറിവോടെയാണ് അഴിമതി. അനെർട്ട് മേധാവി ഉൾപ്പെടെയുള്ളവരെ ചുമതലകളിൽ നിന്നു മാറ്റി നിർത്തി വിജിലൻസ് അന്വേഷണമോ കേന്ദ്ര അന്വേഷണമോ നടത്തണം. വിരമിച്ച ഉദ്യോഗസ്ഥരുടെ വരെ ഒപ്പുകൾ വ്യാജമായി ഇട്ട് ടെൻഡർ നടപടികളിൽ തിരിമറി നടത്തി. കേന്ദ്ര സർക്കാർ ഫണ്ട് മാത്രമുപയോഗിച്ചാണു സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.  പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രം നിശ്ചയിച്ച തുകയേക്കാൾ 30 – 50% വരെ ഉയർന്ന തുകയ്ക്കാണു വിവിധ കമ്പനികൾക്ക് അനെർട്ട് കരാർ നൽകിയത്. 

അനെർട്ടിൽ താൽക്കാലികമായി നിയമിച്ച കരാർ ജീവനക്കാരെ ഉപയോഗിച്ചാണ് കോടിക്കണക്കിനു രൂപയുടെ ടെൻഡറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർക്ക്  ചുമതലകൾ നൽകിയില്ല. ടൈറ്റാനിയത്തിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്കു നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ അനെർട്ട് ധനകാര്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നു മറച്ചുവച്ചു. 

ധനകാര്യ വിഭാഗത്തിൽ പർച്ചേസ് ചുമതല വഹിക്കുന്ന ജൂനിയർ മാനേജർ അറിയാതെ അദ്ദേഹത്തിന്റെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് ടെൻഡർ നടപടികൾ നടത്തി. 11 കോടിയിലധികം രൂപ ചെലവിൽ 2 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള കരാർ 2023 മേയ് 16ന് ആണു നൽകിയത്. 7 ദിവസത്തിനകം 33.27 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയി അടയ്ക്കണമെന്ന നിർദേശം പാലിക്കപ്പെട്ടില്ല. മൂന്നര മാസത്തിനു ശേഷമാണു തുക അടച്ചതെന്നും അനുവദനീയ സമയം കഴിഞ്ഞിട്ടും സോളർ പ്ലാന്റ് കമ്മിഷൻ ചെയ്തിട്ടില്ലെന്നും വിൻസന്റ് ചൂണ്ടിക്കാട്ടി.

English Summary:

Smart City: M Vincent alleges widespread corruption in Thiruvananthapuram's Smart City project, specifically targeting ANERT's solar plant installations and demanding a vigilance inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com