ആ സ്നേഹം, ഒളിമങ്ങാതെ; വിനയംകൊണ്ട് അമ്പരിപ്പിച്ച വ്യക്തിത്വം
Mail This Article
സൂര്യനെപ്പോലെ ജ്വലിച്ചുനിൽക്കുമ്പോൾ പെട്ടെന്ന് അസ്തമിച്ചതുപോലെ. മേളത്തെക്കുറിച്ചും മേള കലാകാരന്മാരെക്കുറിച്ചും നല്ല ജ്ഞാനവും അറിവും ഉണ്ടായിരുന്ന കലാകാരനായിരുന്നു ഉസ്താദ് സാക്കിർ ഹുസൈൻ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സംഘടനയുടെ അമരക്കാരൻ കേളി രാമചന്ദ്രന്റെയും ബോളിവുഡ് നായകനായിരുന്ന ശശി കപൂറിന്റെ മകൾ സഞ്ജന കപൂറിന്റെയും പരിചയം വഴിയാണ് സാക്കിർ ഹുസൈൻ മേളത്തെപ്പറ്റി കൂടുതലറിഞ്ഞതും ഇഷ്ടപ്പെട്ടതും.
-
Also Read
ഗുരുജി എന്ന വിളി: എളിമയുടെ പ്രതീകം
ഈ ഇഷ്ടമാണ് 2017ൽ അദ്ദേഹത്തെ പെരുവനത്തേക്ക് എത്തിച്ചത്. അന്ന് വീരശൃംഖല നൽകിയാണ് പെരുവനം ആ പ്രതിഭയെ ആദരിച്ചത്. സ്വീകരണം പാണ്ടിമേളത്തോടെയായിരുന്നു. പിന്നീട് സാക്കീർ ഹുസൈൻ തബലയിലും മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെണ്ടയിലും ചേർന്ന് ഒരുക്കിയ ഫ്യൂഷൻ ഒരുപാടു വലിയ മേളങ്ങൾ കണ്ടു പരിചയിച്ച പെരുവനത്തെ മേളാസ്വാദകർക്ക് ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമയാണ്. താളവാദ്യകലയിൽ താൽപര്യമുള്ളവരെല്ലാം അന്നു പെരുവനത്തേക്കെത്തി. സിഎൻഎൻ സ്കൂൾ പരിസരം ആസ്വാദകരെക്കൊണ്ടു നിറഞ്ഞു.
അദ്ദേഹത്തെ ആദ്യം കണ്ടത് 1999ലാണ്. മുംബൈയിൽ നടന്ന കേളി ഉത്സവത്തിൽ വച്ച്. മുൻനിരയിലിരുന്നു സാക്കിർ ഹുസൈൻ മേളം ആസ്വദിക്കുമ്പോൾ നമുക്കും ആവേശം ഉയരും. മേളം അവസാനിച്ച് അദ്ദേഹം വണങ്ങുമ്പോൾ വിനയം കൊണ്ട് നമ്മളും കൈകൂപ്പും. അവസാനം കണ്ടതും മുംബൈയിൽ വച്ചാണ്. കഴിഞ്ഞവർഷം ഡിസംബർ 13ന്.
കേളി ഉത്സവം തന്നെയായിരുന്നു വേദി. അന്നെന്റെ എഴുപതാം പിറന്നാൾ ദിനമായിരുന്നു. ഞാൻ വേദിയിലിരിക്കുമ്പോൾ പിന്നിലൂടെ പതുങ്ങി വന്ന് സാക്കിർ ഹുസൈൻ എന്നെയൊരു ഷാൾ അണിയിച്ചു. അമ്പരന്നു നിന്ന എന്നെ കെട്ടിപ്പിടിച്ച് സ്നേഹമറിയിച്ചു. ഓർമകളിൽ ഒളിമങ്ങാതെ ഈ നിമിഷങ്ങൾ എന്നുമുണ്ടാകും.