റവന്യു റിക്കവറി കടുപ്പിക്കും; കടുത്ത നടപടിക്ക് സർക്കാർ
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോടിക്കണക്കിനു രൂപയുടെ റവന്യു റിക്കവറി പിരിവു സർക്കാർ ഊർജിതമാക്കുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നു മുൻപു കലക്ടർമാരുടെ നേതൃത്വത്തിൽ കഴിയുന്നത്ര തുക പിരിച്ചെടുക്കാനാണു നിർദേശം.
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണു ഊർജിത പിരിവ് യത്നം ആരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ, വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ സ്റ്റേയും ഗഡുക്കളും അനുവദിച്ച കേസുകളിൽ നിബന്ധനകൾ ലംഘിച്ചുവെങ്കിൽ അറിയിക്കണമെന്നും സ്റ്റേ നീക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. റവന്യു റിക്കവറി സംബന്ധിച്ച് അപ്‌ലറ്റ് അതോറിറ്റികൾ മുൻപാകെ പരിഗണനയിലുള്ള കേസുകളിൽ കലക്ടർമാർ വേഗം തീർപ്പു കൽപിക്കണം. നടപടികളിലുള്ള സ്റ്റേ ഒഴിവാക്കാൻ അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെടാനും കലക്ടർമാർക്കു നിർദേശമുണ്ട്.