നടിയെ പീഡിപ്പിച്ച കേസ്: 2 സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി
Mail This Article
കൊച്ചി∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ നീതിപൂർവകമായ തീർപ്പുണ്ടാക്കാൻ ഈ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ നടപടി.
കേസിലെ 112-ാം സാക്ഷിയായ ഡോക്ടറെയും 183-ാം സാക്ഷിയായ ഫൊറൻസിക് സയൻസ് ലാബ് അസി. ഡയറക്ടറെയും വീണ്ടും വിളിച്ചു വരുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മതിയായ അവസരങ്ങൾ ഉണ്ടായിട്ടും ചെയ്യാതെയാണു പ്രതി ഇപ്പോൾ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും, അന്തിമ വാദം നടക്കുന്ന വേളയിൽ നടപടി വൈകിക്കാൻ ലക്ഷ്യമിട്ടാണു ഹർജിയെന്നും കോടതി വിലയിരുത്തി.
ഫൊറൻസിക് പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചു നൽകിയ ഡോക്ടറെയും ലാബിലെ വിദഗ്ധനെയും 2021 ഫെബ്രുവരിയിൽ വിസ്തരിച്ചതാണ്. അന്നു താൻ ജയിലിൽ ആയിരുന്നതിനാൽ അഭിഭാഷകനു വേണ്ടവിധം ക്രോസ് വിസ്താരം നടത്താനായില്ലെന്നായിരുന്നു സുനിയുടെ വാദം. എന്നാൽ ഫൊറൻസിക് വിദഗ്ധനെ വിസ്തരിച്ചപ്പോൾ സുനി വിചാരണക്കോടതിയിൽ ഹാജരായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഡോക്ടറെ വിസ്തരിച്ചപ്പോൾ കോവിഡ് സാഹചര്യമായതിനാൽ പ്രതിയെ എത്തിച്ചിരുന്നില്ല. ക്രോസ് വിസ്താരം വേണ്ടെന്ന് അന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പ്രതി പതിവായി കോടതിയിൽ എത്തുന്നുണ്ട്. പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയാക്കി കേസ് അന്തിമ വാദത്തിലെത്തിയ ഘട്ടത്തിലാണു മൂന്നര വർഷം മുൻപു വിസ്തരിച്ചവരെ വീണ്ടും വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെടുന്നത്. സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതു വിചാരണ നടപടികളിൽ കാര്യമായ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നു കരുതുന്നില്ലെന്നു കോടതി വ്യക്തമാക്കി.
2018 ലെ കേസാണിത്. 2020 ജനുവരിയിൽ വിചാരണ തുടങ്ങിയതാണ്. കേസിൽ തീരുമാനമെടുക്കാനുള്ള സമയപരിധി സുപ്രീംകോടതി പല തവണ നീട്ടി നൽകിയതാണെന്നു പ്രോസിക്യൂഷൻ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമാന ഹർജി തള്ളിയതിനെ തുടർന്നാണു പ്രതി ഹൈക്കോടതിയിലെത്തിയത്.