‘അപകടത്തിൽ ആദ്യ 48 മണിക്കൂർ സൗജന്യചികിത്സ, രക്ഷകർക്ക് 5000 രൂപ പാരിതോഷികം’: പറഞ്ഞിട്ട് ഏഴുകൊല്ലം; എല്ലാം വെറുംവാക്ക്
Mail This Article
തിരുവനന്തപുരം ∙ അപകടത്തിൽ പെട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്നവർക്ക് ആദ്യ 48 മണിക്കൂർ പൂർണ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന സമഗ്ര ട്രോമാ കെയർ നടപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയിട്ട് ഏഴു കൊല്ലം . 2017 നവംബർ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റേതായിരുന്നു തീരുമാനം. സാമ്പത്തിക നില നോക്കാതെ എല്ലാവർക്കും സൗജന്യ ചികിത്സ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തുമെന്നും വ്യക്തമാക്കി.
സർക്കാർ ആദ്യം പണം മുടക്കുക, പിന്നീട് തുക ഇൻഷുറൻസ് കമ്പനി സർക്കാരിനു നൽകുക എന്നിങ്ങനെയായിരുന്നു നടത്തിപ്പ് വിഭാവനം ചെയ്തത്. കേരള റോഡ് സുരക്ഷാ ഫണ്ട്, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ (കെഎസ്ടിപി) സാമൂഹിക ഉത്തരവാദിത്ത ഫണ്ട് എന്നിവ പദ്ധതിക്കായി വിനിയോഗിക്കാനും തീരുമാനിച്ചു. ഇതിനു പിന്നാലെ കേരള നിയമ പരിഷ്‌കരണ കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ച് കേരള എമർജൻസി മെഡിക്കൽ കെയർ ആൻഡ് പ്രൊട്ടക്‌ഷൻ ഓഫ് ഗുഡ് സമരിറ്റൻ ബില്ലിന്റെ കരടും അംഗീകരിച്ചു. ഈ ബിൽ പക്ഷേ വെളിച്ചം കണ്ടില്ല. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ നിയമത്തിന്റെ നൂലാമാലകളിൽ നിന്ന് ഒഴിവാക്കുക, രക്ഷാപ്രവർത്തകർക്ക് പാരിതോഷികം നൽകുക എന്നിവയായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥകൾ. അപകടത്തിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നിശ്ചയിച്ചതു മാത്രം മിച്ചം. തുടർ നടപടികളൊന്നും ഉണ്ടായില്ല.