റോഡ് സുരക്ഷ: കയ്യിൽ പ്ലാനുണ്ട്; നോ ആക്‌ഷൻ!
Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ റോഡപകടങ്ങൾ 2030ഓടെ പകുതിയായി കുറയ്ക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ 2021 ൽ തയാറാക്കിയെങ്കിലും പുറംലോകം കണ്ടില്ല. കേരള റോഡ് സേഫ്റ്റി അതോറിറ്റി തയാറാക്കിയ മാസ്റ്റർ പ്ലാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അംഗീകരിക്കുകയും ഡൽഹി ഐഐടി മാതൃകാ ആക്‌ഷൻ പ്ലാനായി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടും കേരളത്തിൽ മാത്രം നടപടിയായില്ല.
പദ്ധതി പഠിച്ച് നടപ്പാക്കുന്നതിന് ഗതാഗതവകുപ്പിന്റെ മറ്റൊരു പഠനത്തിനെത്തിയ വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിനെ (ഡബ്ല്യൂആർഐ) ചുമതലപ്പെടുത്താനായിരുന്നു ആദ്യ ധാരണ. ഇതിനായി പ്രത്യേക പ്രതിഫലം നൽകേണ്ട എന്നും സൂചനയുണ്ടായിരുന്നു. പിന്നീട് തീരുമാനം മാറി. ആക്‌ഷൻ പ്ലാൻ നടപ്പാക്കുന്നതിന് കൺസൽറ്റന്റിനെ നിയോഗിക്കാമെന്നും അതിന് ടെൻഡർ വിളിക്കാമെന്നും തീരുമാനിച്ചെങ്കിലും ഒന്നും നടപടിയായില്ല. യുഎന്നിന്റെ 2030 ലെ റോഡ് സുരക്ഷാ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളവും മാസ്റ്റർ പ്ലാൻ തയാറാക്കിയത്. പ്രതിവർഷം, കേരളത്തിലെ റോഡപകടങ്ങളിലെ മരണം 4300 ൽ നിന്ന് 2500 ആയി കുറയ്ക്കുകയായിരുന്നു ലക്ഷ്യം.
ആക്‌ഷൻ പ്ലാനിലെ നിർദേശങ്ങൾ
∙ വർഷംതോറും 500 കിലോമീറ്റർ ഫുട്പാത്ത് നിർമിക്കുക
∙ വർഷംതോറും പ്രധാന പാതകളിലെങ്കിലും 250 കിലോമീറ്റർ പ്രത്യേക ഇരുചക്രവാഹന പാത നിർമാണം
∙ രണ്ടോ മൂന്നോ റോഡുകൾ വന്നുചേരുന്ന 1000 ജംക്ഷനുകളുടെ സുരക്ഷാ രീതി നവീകരണം
∙ 200 കിലോമീറ്റർ റോഡുകളിൽ സെൻട്രൽ മീഡിയൻ നിർമാണം
∙ 2025 ൽ ഐടി അടിസ്ഥാനമാക്കി എൻഫോഴ്സ്മെന്റ് സംവിധാനം
∙ വർഷംതോറും 1000 അത്യാധുനിക സ്ട്രീറ്റ് ലൈറ്റുകൾ
∙ വർഷംതോറും 50 പ്രധാന ജംക്‌ഷനുകളിൽ സിഗ്നനലുകൾ .
∙ വർഷം 25 കിലോമീറ്റർ റോഡുകളിൽ സുരക്ഷ മുൻനിർത്തി നവീകരണം
∙ വർഷം 100 വീതം സ്കൂളൂകളടക്കമുള്ള സ്പെഷൽ സോണുകളിൽ പ്രത്യേക സുരക്ഷാ പദ്ധതി
∙ ഏറ്റവും അപകടകരമായ 50 വളവുകൾ എല്ലാ വർഷവും നേരെയാക്കുക.
∙ 2025നോടെ എല്ലാ നഗരങ്ങളിലും കൃത്യമായ പാർക്കിങ് മാനേജ്മെന്റ് സംവിധാനം
∙ റോഡ് ഡിസൈനിങ്ങിനും ഗതാഗത ആസൂത്രണത്തിനുമായി പുതിയ ഇൻസ്റ്റിറ്റ്യൂട്ട് .
∙ റോഡ്സുരക്ഷയിൽ ബിരുദ , ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾ. ട്രാഫിക് പ്ലാനിങ് ,ട്രാഫിക് മാനേജ്മെന്റ് സംവിധാനവും പഠനവിഷയമാകും.