ആൾക്ഷാമം: വഴി തെറ്റി സേഫ് കേരള
Mail This Article
കൊച്ചി ∙ ഒന്നേ മുക്കാൽ കോടിയിലേറെ വാഹനങ്ങളുള്ള സംസ്ഥാനത്തെ റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പിലുള്ളതു കേവലം 340 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ. എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിച്ചു റോഡപകടം കുറയ്ക്കാൻ ലക്ഷ്യമിട്ടു 2018 ൽ തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി തുടക്കത്തിലേ പാളിയതിനു കാരണം കടുത്ത ആൾക്ഷാമം. 8 മണിക്കൂർ വീതമുള്ള 3 ഷിഫ്റ്റുകളിലായി സംസ്ഥാനത്തെ പ്രധാന നിരത്തുകളിൽ 24 മണിക്കൂറും എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉറപ്പാക്കാനായിരുന്നു സേഫ് കേരള പദ്ധതി. എന്നാൽ, തുടക്കം മുതൽ ഉണ്ടായിരുന്നതു ദിവസം 8 മണിക്കൂർ ജോലി ചെയ്യാനുള്ള ഉദ്യോഗസ്ഥർ മാത്രം. ഈ ഉദ്യോഗസ്ഥരെ സ്ക്വാഡിൽനിന്നു പിൻവലിച്ചു ചെക്ക് പോസ്റ്റുകളിലും ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന തുടങ്ങിയ ഓഫിസ് ജോലികൾക്കും നിയോഗിക്കാൻ കൂടി തുടങ്ങിയതോടെ പദ്ധതിയുടെ കൂമ്പടഞ്ഞു.
ശബരിമല പാതയിൽ അപകടം കുറയ്ക്കാൻ നടപ്പാക്കിയ ‘സേഫ് സോൺ’ പദ്ധതി ഫലപ്രദമാവുകയും ഇതു മറ്റു സംസ്ഥാനങ്ങൾ പോലും മാതൃകയാക്കുകയും ചെയ്ത സാഹചര്യത്തിലാണു 2020 ൽ റോഡപകടം 50% കുറയ്ക്കണമെന്ന ലക്ഷ്യത്തോടെ ‘സേഫ് കേരള’ എന്ന പേരിൽ സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചത്. മോട്ടർവാഹന വകുപ്പിന്റെ 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാണു നിരത്തിലിറങ്ങിയത്. ഒരു സ്ക്വാഡിൽ ഒരു എംവിഐ, 3 അസിസ്റ്റന്റ് എംവിഐ വീതം 85 താലൂക്കുകളിൽ സ്ക്വാഡുകളെ വിന്യസിച്ചു. ഏകോപനത്തിന് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളും ആരംഭിച്ചു. എന്നാൽ, ആൾക്ഷാമവും ആവശ്യത്തിനു വാഹനങ്ങൾ ലഭിക്കാത്തതും പ്രതിസന്ധിയായി.
നിലവിൽ പകൽ മാത്രമാണു സ്ക്വാഡ് പേരിനെങ്കിലും ഉള്ളത്. ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്ന വൈകിട്ട് 6 മുതൽ രാവിലെ 6 വരെയുള്ള സമയത്തു എൻഫോഴ്സ്മെന്റിനെ കണികാണാനില്ല. 2022 ൽ വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്നു ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചപ്പോൾ ഈ വിഭാഗത്തിൽ കൂടുതൽ ജോയിന്റ് ആർടിഒ, എംവിഐ, എഎംവിഐ തസ്തികകൾ സൃഷ്ടിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ശുപാർശ നൽകിയിരുന്നു. 2024 മാർച്ചിൽ ഇതേ ശുപാർശകൾ വീണ്ടും സമർപ്പിച്ചു. എന്നാൽ, സർക്കാർ ഈ നിർദേശങ്ങളോടു മുഖം തിരിച്ചു നിൽക്കുകയാണ്.