ADVERTISEMENT

തിരുവനന്തപുരം ∙ സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചതായി എസ്എഫ്ഐഒ സംഘം ഡൽഹി ഹൈക്കോടതിയിൽ അറിയിച്ച സാഹചര്യത്തിൽ, കോടതി തടഞ്ഞില്ലെങ്കിൽ വിചാരണയിലേക്കു നീങ്ങും. അന്വേഷണം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു സിഎംആർഎലിന്റെ ഹർജി. ഈ വാദം കോടതി അംഗീകരിച്ചാൽ എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടിക്കു കേന്ദ്രത്തിനു കൂടുതൽ നിയമപോരാട്ടം നടത്തേണ്ടിവരും.

കേസിൽ ഡിസംബർ 2നു കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ: ‘അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം മന്ത്രാലയം നിയമോപദേശം തേടും. റിപ്പോർട്ടിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരെ വിചാരണയ്ക്കു വിധേയമാക്കേണ്ടത് ആവശ്യമെന്നു ബോധ്യപ്പെട്ടാൽ വിചാരണയ്ക്ക് എസ്എഫ്ഐഒയോടു നിർദേശിക്കും.’

കോർപറേറ്റ് വഞ്ചനയാണു പ്രധാനമായും അന്വേഷിച്ചത്. എക്സാലോജിക് സൊലൂഷൻസിനു പങ്കുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയാൽ ഏക ഡയറക്ടറും മുഖ്യമന്ത്രിയുടെ മകളുമായ ടി.വീണയും വിചാരണ നേരിടേണ്ടിവരും. 

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎലും കെഎസ്ഐഡിസിയും കേരള ഹൈക്കോടതിയിലും എക്സാലോജിക് ബെംഗളൂരു ഹൈക്കോടതിയിലും നൽകിയ ഹർജികളിൽ അന്വേഷണം സ്റ്റേ ചെയ്തിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള ഷോൺ ജോർജിന്റെ ഹർജിയിലെ ആരോപണങ്ങൾക്കെതിരെയായിരുന്നു ഈ ഹർജികൾ. എന്നാൽ മൂന്നും അനുകൂലമാകാതിരുന്നതോടെ, അന്വേഷണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ ഉത്തരവിലെ മൊഴി അനുസരിച്ചു കേസെടുക്കാൻ നിയമതടസ്സമുണ്ടെന്നുമുള്ള വാദമുന്നയിച്ചാണു സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ആദായനികുതി ബോർഡിന്റെ രേഖ വച്ചല്ല അന്വേഷണമെന്നു തുടക്കത്തിൽ തന്നെ എസ്എഫ്ഐഒ വ്യക്തമാക്കിയിരുന്നു. റജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു, കൊച്ചി ഓഫിസുകൾ നേരത്തേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുകൾ, ആർഒസി ഇൻസ്പെക്ടർമാരുടെ സംഘം നൽകിയ ഇടക്കാല റിപ്പോർട്ട് എന്നിവയാണ് ആധാരമാക്കിയതെന്ന വാദമാണ് എസ്എഫ്ഐഒയുടേത്.

ഡൽഹി ഹൈക്കോടതിയിലെ വിധി എന്തായാലും കർണാടക ഹൈക്കോടതിയിലെ കേസ് കൂടി ബാക്കിയുണ്ട്– അന്വേഷണത്തിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ ടി.വീണ നൽകിയ അപ്പീൽ. ഓഗസ്റ്റിൽ നൽകിയ അപ്പീൽ ഇതുവരെ പരിഗണിച്ചിട്ടില്ല.

കർത്തായുടെ മൊഴിയില്ല

അന്വേഷണം പൂർത്തിയാക്കിയതായി എസ്എഫ്ഐഒ കോടതിയെ അറിയിച്ചെങ്കിലും സിഎംആർഎലിന്റെ ചെയർമാൻ ശശിധരൻ കർത്തായുടെ മൊഴിയെടുത്തിട്ടില്ല. ആകെ 20 പേരുടെ മൊഴിയാണ് എസ്എഫ്ഐഒ രേഖപ്പെടുത്തിയത്.

കർത്തായുടെ മകനും ഡയറക്ടറുമായ ശരൺ എസ്.കർത്തായുടെ മൊഴി 4 വട്ടം രേഖപ്പെടുത്തി. ഏറ്റവുമധികം മൊഴിയെടുത്തതു കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥരായ പി.സുരേഷ്കുമാറിന്റെയും (7 തവണ) കെ.എസ്.സുരേഷ്കുമാറിന്റെയും (6 തവണ) ആണ്. ടി.വീണയുടെ മൊഴി ഒരുവട്ടം മാത്രം; സെപ്റ്റംബർ 9ന്. ഇതിനുശേഷം 3 വട്ടം പി.സുരേഷ്കുമാറിനെയും കെ.എസ്.സുരേഷ്കുമാറിനെയും എസ്എഫ്ഐഒ വിളിപ്പിച്ചു.

English Summary:

CMRL-Exalogic Transaction: SFIO investigation into CMRL-Exalogic concludes with submission of report to Delhi High Court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com