8 മാസം, 18 ഏക്കർ; ശിവദാസ് വിളയിച്ചത് ഒരു കോടിയുടെ പച്ചക്കറി
Mail This Article
കൊല്ലങ്കോട് (പാലക്കാട്) ∙ കൃഷി നഷ്ടത്തിലായെന്നും ഭൂമി തരിശിട്ടുവെന്നും പറയുന്നവർക്കിടയിൽ പ്രതീക്ഷയുടെ പൊൻകതിരാണു ശിവദാസ്. എലവഞ്ചേരി വിഎഫ്പിസികെ സ്വാശ്രയ കർഷകസമിതിയിലെ കർഷകൻ കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) പച്ചക്കറിക്കൃഷിയിലെ ‘കോടിപതി’യാണ്.
സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും ശാസ്ത്രീയ പരിപാലനത്തിലൂടെ മികച്ച വിളവുണ്ടാക്കി 1,00,65,461 രൂപയുടെ വിറ്റുവരവാണു നേടിയത്. ഏപ്രിൽ മുതൽ ഡിസംബർ ആറു വരെ 3,45,580 കിലോ പച്ചക്കറിയാണു ശിവദാസ് ഉൽപാദിപ്പിച്ചു വിപണനം നടത്തിയത്. ശിവദാസിന്റെയും ഭാര്യ വി.പ്രിയദർശിനിയുടെയും പേരിലുള്ള 8 ഏക്കർ കൃഷിയിടത്തിനു പുറമേ 10 ഏക്കർ പാട്ടത്തിനെടുത്തു. കുമ്പളം, പടവലം, വള്ളിപ്പയർ, പാവൽ, പീച്ചൽ, മത്തൻ, വെണ്ട എന്നിവയാണു കൃഷിചെയ്യുന്നത്. തേങ്ങയുമുണ്ട്. 37 വർഷമായി കാർഷികമേഖലയിലുള്ള ഇദ്ദേഹം സ്ഥിരം പന്തലിട്ടു തുള്ളിനനയിലൂടെയാണു കൃഷിചെയ്യുന്നത്. കളവ്യാപനം ഇല്ലാതാക്കാൻ മൾച്ചിങ് ചെയ്തിട്ടുണ്ട്. വിഎഫ്പിസികെ നിർദേശിക്കുന്നതും സ്വന്തമായി പഠിച്ചെടുത്തതുമായ ജൈവവള പ്രയോഗവും കീടനാശിനി പ്രയോഗവും മികച്ച വിളവു നേടാൻ സഹായിക്കുന്നു.
പതിനഞ്ചാം വയസ്സിൽ, അച്ഛൻ പരേതനായ രാമൻ വാധ്യാരെ നെൽക്കൃഷിയിൽ സഹായിച്ചുകൊണ്ടാണു പാടത്തേക്കിറങ്ങിയത്. പിന്നീട് തൃശൂർ, പാലക്കാട് വിപണികളെ ലക്ഷ്യംവച്ചു സ്വന്തമായി പയർ, കുമ്പളം കൃഷി തുടങ്ങി. 1998ൽ വിഎഫ്പിസികെ വിപണി ആരംഭിച്ചു പന്തൽക്കൃഷിയിലേക്കു തിരിഞ്ഞതാണു വഴിത്തിരിവ്. മികച്ച പച്ചക്കറിക്കർഷകനുള്ള വിഎഫ്പിസികെയുടെ പുരസ്കാരം 3 തവണ ലഭിച്ചിട്ടുണ്ട്. ‘ആത്മ’യുടെ മികച്ച കർഷകനുള്ള പുരസ്കാരവും ശിവദാസനെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാനത്തു പച്ചക്കറിക്കൃഷി വിളവിലും വിറ്റുവരവിലും മുൻപന്തിയിൽ നിൽക്കുന്ന എലവഞ്ചേരി വിഎഫ്പിസികെ സ്വാശ്രയ കർഷകസമിതിയുടെ പ്രസിഡന്റായി മൂന്നു തവണ പ്രവർത്തിച്ചിട്ടുണ്ട്.