ADVERTISEMENT

ആലപ്പുഴ ∙ ഒരിക്കൽ രമേശിന്റെ വിരലുകളിൽ നിന്നു ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പിറന്നിരുന്നു. ആ വിരലുകൾ മാത്രമല്ല, ശരീരവും 13 വർഷമായി ചലനമറ്റു കിടപ്പാണ്. ഓർമകൾ പോലും രമേശിനെ വിട്ടുപോയി. 2011 മാർച്ച് 10ന് രാത്രി ദേശീയപാതയിൽ ചേർത്തലയിലുണ്ടായ അപകടമാണു പട്ടണക്കാട് കൊച്ചളയാട്ട് കെ.രമേശിന്റെ ജീവിതത്തിലെ നിറങ്ങൾ മായ്ച്ചുകളഞ്ഞത്. ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചിടുകയായിരുന്നു. രമേശ് തെറിച്ചു മറുവശത്തെ റോഡിലേക്കു വീണു. തലയ്ക്കായിരുന്നു പരുക്ക്. ഒരു വർഷത്തോളം അബോധാവസ്ഥയിൽ. പിന്നീടു കണ്ണു തുറന്നെങ്കിലും ഓർമയും ചലനശേഷിയും വീണ്ടെടുക്കാനായില്ല. ഭക്ഷണം വാരിക്കൊടുത്തും പ്രാഥമിക കൃത്യങ്ങൾക്കു സഹായിച്ചും കൊച്ചുകുഞ്ഞിനപ്പോലെ 13 വർഷമായി രമേശിനെ പരിചരിക്കുകയാണു ഭാര്യ മായ. 

രമേശ് അപകടത്തിൽ പെടുമ്പോൾ മൂത്ത മകൻ മൂന്നാം ക്ലാസിലായിരുന്നു. ഇളയ മകന് മൂന്നര വയസ്സ്. ഗൃഹനാഥൻ കിടപ്പിലായതോടെ കുടുംബത്തിന്റെ ജീവിതം പ്രതിസന്ധിയിലായി. 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ മായയ്ക്കു കയർ കോർപറേഷനിൽ ജോലി ലഭിച്ചു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം രമേശിന്റെ ഇടതുകൈ അൽപം അനക്കാമെന്നായിട്ടുണ്ട്. അവ്യക്തമായി ചില വാക്കുകൾ പറയും. ആ വാക്കുകൾ ഒരുനാൾ വ്യക്തമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം. 

English Summary:

Car Accident: Alappuzha man, Ramesh, suffers from paralysis and memory loss after a devastating road accident. His wife's unwavering dedication and the family's struggle for recovery highlight the challenges faced by accident victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com