അയോഗ്യരായ എസ്എഫ്ഒമാരെ സംരക്ഷിക്കാൻ വനം വകുപ്പ്
Mail This Article
കോഴിക്കോട് ∙ സ്ഥാനക്കയറ്റത്തിനു യോഗ്യതാ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകിയും അനുവദിച്ചില്ലെങ്കിൽ സമയപരിധി നീട്ടിച്ചോദിച്ചും അയോഗ്യരായ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരെ(എസ്എഫ്ഒ) സംരക്ഷിക്കാൻ വനം വകുപ്പ് നീക്കം. വനം വകുപ്പിലെ വിവിധ സംഘടനാ നേതാക്കൾ തന്നെ മാനദണ്ഡപ്രകാരമുള്ള യോഗ്യതകൾ നേടാതെയാണ് ജോലി ചെയ്യുന്നതെന്നു വ്യക്തമായതോടെയാണ് അവരെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. നവംബർ 13ലെ കോടതി ഉത്തരവിനെതിരെ അപ്പീൽ സാധ്യതകൾ പരിശോധിക്കാൻ വനം വകുപ്പ് നിയമവകുപ്പിനോട് ആവശ്യപ്പെട്ടു.
വകുപ്പിലെ 947 സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരിൽ 284 പേരും നിയമപ്രകാരമുള്ള യോഗ്യതകൾ നേടാതെയാണ് സ്ഥാനത്ത് തുടരുന്നതെന്നു വനം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എപിസിസിഎഫ്) പ്രമോദ് ജി.കൃഷ്ണൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇങ്ങനെ സർവീസിൽ തുടരുന്നവർക്ക് 31നു മുൻപു നോട്ടിസ് നൽകി നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം.
സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്കുള്ള പ്രമോഷനു മൂന്നു പരീക്ഷകൾ പാസാവുകയും 9 മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും വേണമെന്നാണ് 2010, 2014 ലെ ചട്ടം. എന്നാൽ നിലവിൽ സർവീസിൽ ഉള്ളവർക്ക് ഇതു ബാധകമല്ലെന്നു ചൂണ്ടിക്കാട്ടി ചിലർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2023 ഡിസംബർ ഒന്നിനു കെഎടി ഇതു തള്ളി. ഈ നടപടി ശരിവച്ച ഹൈക്കോടതി ജഡ്ജി പി.കൃഷ്ണകുമാർ മാനദണ്ഡപ്രകാരമുള്ള പരീക്ഷകൾ പാസാകേണ്ടത് നിർബന്ധമാണെന്നു കഴിഞ്ഞ നവംബർ 13നു വിധിക്കുകയും ചെയ്തു.
ഇതോടെയാണ് പരീക്ഷകൾ പാസാവാതെ എസ്എഫ്ഒ തസ്തികയിൽ തുടരുന്നവർ വെട്ടിലായത്. 2014 നു ശേഷം ഇവരിൽ നിന്ന് ഒട്ടേറെ പേർ യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടി ഡപ്യൂട്ടി റേഞ്ചർമാരും റേഞ്ചർമാരും ആയി. ഇവരിൽ ചിലർ വിവിധ സംഘടനകളുടെ നേതൃത്വത്തിലുമുണ്ട്. ചിലർ ഉയർന്ന ഗ്രേഡോടെ വിരമിച്ച്, ഇപ്പോഴും വൻ തുക പെൻഷൻ പറ്റിക്കൊണ്ടിരിക്കുന്നു. സർക്കാരിനു വലിയ സാമ്പത്തിക നഷ്ടത്തിനാണ് ഈ നടപടികൾ വഴി വയ്ക്കുന്നതെന്നു വനം വകുപ്പിനുള്ളിൽ തന്നെ അഭിപ്രായമുണ്ടെങ്കിലും സംഘടനാ നേതാക്കൾക്കെതിരെ നടപടികൾ എടുക്കേണ്ടി വരുമെന്നായപ്പോഴാണ് സർക്കാർ ഇവരെ സംരക്ഷിക്കാനുള്ള വഴികൾ തേടുന്നത്.