തിടുക്കം തിരിച്ചടിയാവുമെന്ന് പേടി; വനനിയമ ഭേദഗതി ഉടനെ ഇല്ല
Mail This Article
തിരുവനന്തപുരം ∙ വനനിയമ ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നത് വൈകും. ജനുവരി അവസാന ആഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിന്റെ കരട് സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് തിരുത്തൽ വരുത്തിയ ശേഷം മാത്രം സഭയുടെ പരിഗണനയ്ക്ക് അയച്ചാൽ മതിയെന്നാണ് വനം വകുപ്പിന്റെ നിലപാട്. കരടിനെതിരെ രാഷ്ട്രീയ, കർഷക സംഘടനകൾ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തിൽ വിശദമായ ചർച്ചയും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ ശേഖരണവും നടത്തും. പ്രതിഷേധം കണ്ടില്ലെന്നു നടിക്കരുതെന്നും ഭേദഗതി തിടുക്കത്തിൽ കൊണ്ടുവരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും സർക്കാരിന് ഉപദേശം ലഭിച്ചിട്ടുമുണ്ട്.
വിവാദ വ്യവസ്ഥകൾ പൊതുജനങ്ങൾക്കു മുൻപാകെ വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ച സാഹചര്യത്തിൽ കർഷക സംഘടനകളുമായി മന്ത്രി എ.കെ. ശശീന്ദ്രൻ ചർച്ച നടത്തും. 1961 ലെ നിയമമാണ് ഭേദഗതി ചെയ്യുന്നത്. 2019 ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ഭേദഗതിക്കു തീരുമാനമെടുത്തത്. ഫോറസ്റ്റ് ഓഫിസർമാരുടെ ജോലി തടസ്സപ്പെടുത്തുന്നവരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന ഭേദഗതി പുനഃപരിശോധിക്കുമെന്ന് ശശീന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റു ചില വ്യവസ്ഥകളും ലഘൂകരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യും.