സർക്കാരിന്റെ പിഴവിന് ശിക്ഷ അങ്കണവാടി വർക്കർമാർക്ക്; പിഴശിക്ഷ ത്രാസ് സീൽ ചെയ്യാത്തതിന്
Mail This Article
പയ്യന്നൂർ ∙ സർക്കാരിനു പറ്റിയ പിഴവിനു സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർ ലീഗൽ മെട്രോളജി വകുപ്പിനു പിഴയൊടുക്കേണ്ടത് 1370 രൂപ. അങ്കണവാടികളിൽ കുട്ടികളുടെ ഭാരമറിയാൻ ബേബി സ്കെയിലും ഭക്ഷണസാധനങ്ങളുടെ തൂക്കമറിയാൻ സാൾട്ടർ സ്കെയിലുമുണ്ട്. ഇത് എല്ലാ വർഷവും ലീഗൽ മെട്രോളജി ഓഫിസിൽ കൊണ്ടുപോയി സീൽ ചെയ്യണം. 435 രൂപയാണു 2 മെഷീനുകൾക്കുംകൂടി ഫീസ്. ഈ തുക അങ്കണവാടി വർക്കർമാരാണ് അടയ്ക്കാറ്. അവർക്കതു പിന്നീടെപ്പോഴെങ്കിലും കിട്ടും.
ഇതിനെതിരെ വർക്കർമാർ പ്രതിഷേധിച്ചപ്പോൾ 2022 ൽ ഈ തുക സർക്കാർ നേരിട്ടു വകുപ്പിനു കൊടുക്കാമെന്നു ധാരണയുണ്ടാക്കി. അതനുസരിച്ച് 2022 ൽ സീൽ ചെയ്തുകൊടുത്തു. 2023 ൽ മെഷീനുകളുമായി ചെന്നപ്പോൾ പണമടയ്ക്കാൻ വർക്കർമാരോട് ആവശ്യപ്പെട്ടു. സർക്കാർ അടച്ചോളുമെന്നു വർക്കർമാർ സൂചിപ്പിച്ചെങ്കിലും മെഷീനുകൾ സീൽ ചെയ്തു നൽകിയില്ല.
ഇത്തവണയാകട്ടെ, ഫീസ് മാത്രം പോരാ, കഴിഞ്ഞ വർഷം ചെയ്യാത്തതിനു പിഴ കൂടി അടയ്ക്കണമെന്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ ആവശ്യം. 2 വർഷത്തെ ഫീസ് 870 യും പിഴയായി 1370 രൂപയും അടയ്ക്കാനാണു നിർദേശം. പിഴ അങ്കണവാടി വർക്കർമാർതന്നെ അടയ്ക്കണമെന്നാണ് ഐസിഡിഎസ് അധികൃതർ പറയുന്നത്. മാസം 12,500 രൂപ മാത്രം ശമ്പളം വാങ്ങുന്നവരാണ് പിഴയുടെ ഭാരം ചുമക്കേണ്ടത്.